ബ്രിജ് ഭൂഷണ് എതിരെയുളള സമരത്തിൽ നിന്ന് പിന്മാറിയോ? മറുപടിയുമായി സാക്ഷി മാലിക്
ഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷായുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രിജ് ഭൂഷണ്‍ സിംഗിന് എതിരെയുളള സമരത്തില്‍ നിന്നും പിന്മാറിയെന്നുളള റിപ്പോര്‍ട്ടുകള്‍ തളളി സാക്ഷി മാലിക്. സാക്ഷിക്കൊപ്പം ബജ്‌റംഗ് പൂനിയയും സമരത്തില്‍ നിന്ന് പിന്മാറി ജോലിയില്‍ തിരികെ പ്രവേശിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
ഈ വാര്‍ത്ത തികച്ചും തെറ്റാണ്. നീതിക്ക് വേണ്ടിയുളള പോരാട്ടത്തില്‍ നിന്ന് തങ്ങളാരും പിന്മാറിയിട്ടില്ല, പിന്മാറുകയുമില്ല. സത്യാഗ്രഹത്തിനൊപ്പം തന്നെ റെയില്‍വേയിലുളള തന്റെ ഉത്തരവാദിത്തവും നിറവേറ്റുകയാണ്. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരും. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക, സാക്ഷി മാലിക് ട്വിറ്ററില്‍ കുറിച്ചു.

ഞങ്ങളുടെ മെഡലുകള്‍ക്ക് 15 രൂപയുടെ മൂല്യമേ ഉളളൂ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങളുടെ ജോലിക്ക് പിന്നാലെയാണ്. ഞങ്ങളുടെ ജീവിതം തന്നെ അവതാളത്തിലാണ്. അതിന് മുന്നില്‍ ജോലി എന്നതൊരു ചെറിയ കാര്യം മാത്രമാണ്. നീതിക്ക് വേണ്ടിയുളള പോരാട്ടത്തിന്റെ വഴിയില്‍ ജോലി ഒരു തടസ്സമാണെങ്കില്‍ അത് വലിച്ചെറിയാന്‍ പത്ത് സെക്കന്‍ഡ് പോലും ആലോചിക്കേണ്ടി വരില്ല. ജോലി കാണിച്ച് പേടിപ്പിക്കരുത് എന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ എന്നിവരാണ് മെയ് 31 മുതല്‍ റെയില്‍വേയില്‍ തിരിച്ച് ജോലിക്ക് കയറിയത്. ദേശീയ ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഏപ്രില്‍ മുതല്‍ ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദിറില്‍ സമരത്തിലായിരുന്നു. മെയ് അവസാനത്തോടെ സമരക്കാരെ ഡല്‍ഹി പോലീസ് ജന്തര്‍ മന്ദിറില്‍ നിന്നും ഒഴിപ്പിച്ചു. ഇതിന് പിറകെയാണ് സാക്ഷി അടക്കമുളളവര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്.
തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സമരം തുടരുമെന്നും ഭാവി സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. ശനിയാഴ്ച അമിത് ഷായുമായി സാക്ഷി അടക്കമുളള ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ബ്രിജ് ഭൂഷണ് എതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഗുസ്തി താരങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടക്കമുളള വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര മന്ത്രിയില്‍ നിന്നുളള പ്രതികരണം നിരാശാജനകമായിരുന്നു എന്നാണ് സാക്ഷി മാലികിന്റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications