ശമ്പള കമ്മീഷൻ നടപ്പാക്കുന്നത് വൈകിയാൽ കനത്ത നഷ്ടം; ജീവനക്കാർക്ക് 3.8 ലക്ഷം വരെ നഷ്ടമായേക്കും
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഡിസംബർ 31 നാണ് അവസാനിക്കുന്നത്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ എന്ന് നടപ്പാക്കുമെന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ നവംബറിൽ 18 മാസത്തെ സമയമാണ് കേന്ദ്രം നൽകിയിട്ടുള്ളത്. കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കാൻ ഏകദേശം ആറ് മാസം കൂടി എടുത്തേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ വൈകിയാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സാമ്പത്തിക നഷ്ടമുണ്ടാകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. വിശദമായി തന്നെ വിശകലനം ചെയ്യാം.
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രധാനമായും ക്ഷാമബത്ത (ഡിഎ), വീട്ടുവാടക ബത്ത (എച്ച്ആർഎ), യാത്രാബത്ത (ടിഎ) എന്നിവയാണ് അനുവദിച്ചിട്ടുള്ള അലവൻസുകൾ. ഇതിൽ യൂണിഫോം അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ് (സിഇഎ) പോലുള്ള മറ്റ് ചില അലവൻസുകളും വരും. യാത്രാബത്ത, യൂണിഫോം, സിഇഎ തുടങ്ങിയ നിശ്ചിത അലവൻസുകൾക്ക് കുടിശ്ശിക ഉണ്ടാകില്ല. കാരണം ഇവ അടിസ്ഥാന ശമ്പളത്തിനനുസൃതമായല്ല നിശ്ചയിക്കുന്നത്.

അടിസ്ഥാന ശമ്പളത്തിനാണ് യഥാർത്ഥത്തിൽ കുടിശ്ശിക ലഭിക്കുന്നത്. ക്ഷാമബത്തയ്ക്ക് (ഡിഎ) കുടിശ്ശിക ലഭിക്കില്ല. ഓരോ ശമ്പള കമ്മീഷന്റെയും അവസാനം, ഇത് അടിസ്ഥാന ശമ്പളവുമായി ലയിപ്പിച്ച് ഫിറ്റ്മെന്റ് ഘടകം രൂപീകരിക്കുന്നതാണ് ഇതിന് കാരണം. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ്. അതിനാൽ, പുതിയ കമ്മീഷനിൽ അടിസ്ഥാന ശമ്പളം വർധിക്കുമ്പോൾ ക്ഷാമബത്തയും താനേ ഉയരും.
ഒരു പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ, വീട്ടുവാടക അലവൻസ് (എച്ച്ആർഎ) എന്ന ഇനത്തിൽ ജീവനക്കാർക്ക് കുടിശ്ശിക ലഭിക്കില്ലെന്നതാണ് പൊതുവായ ഒരു വ്യവസ്ഥ. എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടായാൽ അതുകൊണ്ട് തന്നെ ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നാണ് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നതെന്ന് എക്ണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഉദാഹരണത്തിന്, 76,500 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന് എട്ടാം ശമ്പള കമ്മീഷൻ 2028 ജനുവരി 1 മുതൽ മാത്രമാണ് നടപ്പിലാക്കുന്നതെങ്കിൽ ആകെ 3.80 ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടാകാമെന്നാണ് ഫെഡറേഷൻ പറയുന്നത്.
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ജീവനക്കാർ താമസിക്കുന്ന നഗരങ്ങളെ എക്സ്, വൈ, സെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എച്ച്ആർഎ നിരക്കുകൾ എക്സ് വിഭാഗത്തിന് 24%, വൈ വിഭാഗത്തിന് 16%, സെഡ് വിഭാഗത്തിന് 8% എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ നഗരവിഭാഗങ്ങൾക്ക് സർക്കാർ ഒരു മിനിമം എച്ച്ആർഎ തുകയും നിശ്ചയിച്ചിട്ടുണ്ട്. എക്സ് വിഭാഗത്തിന് 5,400 രൂപ, വൈ വിഭാഗത്തിന് 3,600 രൂപ, സെഡ് വിഭാഗത്തിന് 1,800 രൂപ എന്നിങ്ങനെയാണത്.
ക്ഷാമബത്ത (ഡിഎ) 25% ആയപ്പോൾ, എച്ച്ആർഎ നിരക്കുകൾ എക്സ് വിഭാഗത്തിന് 27%, വൈ വിഭാഗത്തിന് 18%, സെഡ് വിഭാഗത്തിന് 8% എന്നിങ്ങനെയായി ഉയർത്തിയിരുന്നു. പിന്നീട്, ഡിഎ 50% ആയപ്പോൾ ഈ നിരക്കുകൾ എക്സ് വിഭാഗത്തിന് 30%, വൈ വിഭാഗത്തിന് 20%, സെഡ് വിഭാഗത്തിന് 10% എന്നിങ്ങനെ വീണ്ടും വർധിപ്പിച്ചു. നിലവിൽ, ക്ഷാമബത്ത 58% ആണ്.












Click it and Unblock the Notifications