ദക്ഷിണേന്ത്യക്കാരെ കാണാന്‍ ആഫ്രിക്കക്കാരെ പോലെ; വംശീയ പരാമര്‍ശവുമായി സാം പിത്രോഡ, വിവാദം
ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈവിധ്യയെ കുറിച്ചുള്ള സാം പിത്രോഡയുടെ വാക്കുകള്‍ വന്‍ വിവാദത്തില്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ആളുകളെ ചൈനീസ്, അറബ്, വെളുത്ത വര്‍ഗക്കാര്‍, ആഫ്രിക്കക്കാര്‍ എന്നിവരുമായിട്ടാണ് പിത്രോഡ താരതമ്യം ചെയ്തത്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.
ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഞങ്ങളുടെ രാജ്യം. അത്രത്തോളം വൈവിധ്യമേറിയതാണ് ഇന്ത്യ. കാരണം വടക്കുകിഴക്കന്‍ മേഖലയിലെ ആളുകളെ കാണാന്‍ ചൈനക്കാരെ പോലെയാണ്. ഇനി പശ്ചിമ മേഖലയാണെങ്കില്‍ അറബികളെ പോലെയാണ്. വടക്കന്‍ മേഖലയിലാണെങ്കില്‍ ആളുകള്‍ വെളുത്ത വര്‍ഗക്കാരെ പോലെയാണ്. ദക്ഷിണേന്ത്യയിലെ ആളുകള്‍ ആഫ്രിക്കക്കാരെ പോലെയാണ് കാണാനെന്നും സാം പിത്രോഡ പറഞ്ഞു.

എന്ത് രൂപത്തിലാണെന്നോ നിറത്തിലാണെന്നോ ഇന്ത്യയില്‍ വിഷയമല്ല. ഞങ്ങളെല്ലാവരും സഹോദരി സഹോദരന്‍മാരാണെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ കൂടിയായ സാംം പിത്രോഡ പറഞ്ഞു. അതേസമയം പിത്രോഡയുടെ പരാമര്‍ശത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
അതേസമയം പിത്രോഡയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ന് ഞാന്‍ വളരെയധികം ദേഷ്യത്തിലാണ്. സാം പിത്രോഡ പറഞ്ഞ കാര്യത്തിലാണ് ആ ദേഷ്യം. ഒരിക്കലും വംശീയ മനോഭാവത്തെ നമ്മള്‍ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എനിക്കെതിരെയാണ് മോശം പരാമര്‍ശങ്ങള്‍ വരുന്നതെങ്കില്‍ ഞാനത് സഹിക്കും. എന്നാല്‍ എന്റെ ജനങ്ങള്‍ക്കെതിരെ പറഞ്ഞാല്‍ അത് സഹിക്കില്ലെന്നും മോദി പറഞ്ഞു.
നമ്മള്‍ ഒരു വ്യക്തിയുടെ മികവ് നോക്കുന്നത് നിറത്തിന്റെ പേരിലാണോ? രാഹുല്‍ ഗാന്ധിക്ക് എന്റെ ജനങ്ങളെ അത്തരത്തില്‍ നോക്കി കാണാന്‍ ആരാണ് അനുമതി നല്‍കിയത്. ഇത്തരം വംശീയ മനോഭാവം ഞങ്ങള്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുവിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനെ ഈ പരാമര്‍ശവുമായി ബന്ധിപ്പിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.
ദ്രൗപതി മുര്‍മുവിന് നല്ല പേരാണ് ഉള്ളത്. ആദിവാസി കുടുംബത്തില്‍ നിന്നുള്ള മകളാണ്. എന്തിനാണ് കോണ്‍ഗ്രസ് അവരെ പരാജയപ്പെടുത്താന്‍ നോക്കിയതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. ഇന്ന് എനിക്ക് അതിന്റെ കാരണം എന്താണെന്ന് മനസ്സിലായി. അമേരിക്കയില്‍ ഒരു അമ്മാവനുണ്ട്. അദ്ദേഹമാണ് കോണ്‍ഗ്രസിന്റെ യുവരാജാവിനെ നയിക്കുന്നത്. ക്രിക്കറ്റില്‍ തേര്‍ഡ് അമ്പയറെ പോലെ രാഹുല്‍ ഗാന്ധി പിത്രോഡയില്‍ നിന്നാണ് ഉപദേശം സ്വീകരിക്കുന്നതെന്നും മോദി ആരോപിച്ചു.
ഇരുണ്ട ചര്‍മമുള്ളവര്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണെന്ന് ഈ അമ്മാവന്‍ പറഞ്ഞിരിക്കുകയാണ്. ഈ രാജ്യത്തെ നിരവധി ആളുകളെ ചര്‍മത്തിന്റെ പേരില്‍ പരിഹസിച്ചിരിക്കുകയാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ദ ശര്‍മയും പിത്രോഡയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.
ഞാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ളയാളാണ്. എന്നെ കാണാന്‍ ഇന്ത്യക്കാരനെ പോലെയാണ് ഉള്ളത്. നമ്മുടേത് ഒരു വൈവധ്യതയുള്ള രാഷ്ട്രമാണ്. നമ്മള്‍ കാണാന്‍ വ്യത്യസ്തരായിരിക്കും, പക്ഷേ എല്ലാവരും ഒന്നാണ്. ഞങ്ങളുടെ രാജ്യത്തെ കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കൂ എന്നും ഹിമന്ദ ശര്‍മ കുറിച്ചു. കങ്കണ റനാവത്ത് അടക്കമുള്ള നേതാക്കളും സാം പിത്രോഡയെ വിമര്‍ശിച്ചിട്ടുണ്ട്.












Click it and Unblock the Notifications