സനാതന ധർമ്മം സാമൂഹ്യനീതിക്ക് എതിര്: ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ
ഡൽഹി: സനാതന ധർമ്മത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. സനാതന ധർമ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായും അദ്ദേഹം താരതമ്യപ്പെടുത്തി. പരാമർശം ബി ജെ പി നേതാക്കളില്‍ നിന്നുമുള്ള വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. .
'സനാതന മലമ്പനിയും ഡെങ്കിപ്പനിയും പോലെയാണ്, അതിനാൽ അതിനെ തുടച്ചുനീക്കണം' ഉദയനിധി സ്റ്റാലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. സനാതന ധർമ്മത്തെ വെറുതെ എതിർത്താല്‍ മാത്രം പോര അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നും ചെന്നൈയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

സനാതന ധർമ്മം ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്നതാണെന്നും അടിസ്ഥാനപരമായി സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും തമിഴ്‌നാട് മന്ത്രി വാദിച്ചു. അതേസമയം, പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയ്യാറാവണമെന്നാണ് ബി ജെ പി നേതാക്കളുടെ ആവശ്യം. മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്.
"രാഹുൽ ഗാന്ധി 'മൊഹബത് കി ദുകാൻ (സ്നേഹത്തിന്റെ കടയെക്കുറിച്ച്' സംസാരിക്കുന്നു, എന്നാൽ കോൺഗ്രസ് സഖ്യകക്ഷിയായ ഡി എം കെയുടെ പിൻഗാമി സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിഷയത്തിലുള്ള കോൺഗ്രസിന്റെ മൗനം ഈ വംശഹത്യ ആഹ്വാനത്തിന് പിന്തുണയാണ്. ഇന്ത്യാ സഖ്യം, അതിന്റെ പേരിന് അനുസരിച്ച്, അവസരം ലഭിച്ചാൽ, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സംസ്കാരത്തെ ഉന്മൂലനം ചെയ്യും." ബി ജെ പിയുടെ ദേശീയ വക്താവായ അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
ബി ജെ പി നേതാവിന്റെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി ഉദയ നിധി സ്റ്റാലിനും രംഗത്ത് വന്നിട്ടുണ്ട്. "സനാതന ധർമ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാൻ ഞാൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ല. സനാതന ധർമ്മം ജാതിയുടെയും മതത്തിൻറെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ്. സനാതന ധർമ്മം വേരോടെ പിഴുതെറിയുന്നത് മാനവികതയും മാനുഷിക സമത്വവും ഉയർത്തിപ്പിടിക്കുന്നു. ഞാൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ചു നിൽക്കുന്നു. സനാതന ധർമ്മം മൂലം കഷ്ടത അനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ഞാൻ സംസാരിച്ചു." എന്നായിരുന്നു മന്ത്രിയുടെ മറുപടി.












Click it and Unblock the Notifications