സൗദിയെ കൂട്ടുപിടിച്ച് ചൈനക്ക് പണി കൊടുക്കാൻ ഇന്ത്യ; ലിഥിയം മാത്രമല്ല, ചെമ്പുള്‍പ്പെടെ കണ്ടെത്താന്‍ വൻ പദ്ധതി
ധാതു മേഖലയിൽ സൗദിയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ.
ഹരിത ഊർജപരിവർത്തനം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ഇത് സംബന്ധിച്ച് ഖനി മന്ത്രി ജി കിഷൻ റെഡ്ഡി സൗദി ധാതു വിഭവ മന്ത്രി ബന്ദർ ഇബ്രാഹിം അൽഖോറായ്ഫുമായി ചർച്ച നടത്തി. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിക്ഷേപ സാധ്യതയുള്ള മേഖലകളും സാങ്കേതിക സഹകരണത്തിനുള്ള അവസരങ്ങളും യോഗത്തിൽ ഇരുനേതാക്കളും ചർച്ച ചെയ്തു. വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതും ധാതുസംസ്കരണ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും ചർച്ച നടന്നതായി ഇന്ത്യൻ ഖനന മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അടുത്തിടെയാണ് ഇന്ത്യ 'നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷൻ' പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയുമായുള്ള സഹകരണ ചർച്ചകൾ ആരംഭിച്ചത്. രാജ്യത്തിൻ്റെ ദേശീയ, ഊർജ, ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നതാണ് മിനറൽ മിഷൻ പദ്ധതി. വിദേശ ഖനന ആസ്തികൾ സുരക്ഷിതമാക്കാനും നിർണായക ധാതുക്കളുടെ ആഭ്യന്തര പര്യവേക്ഷണം വിപുലീകരിക്കാനും പദ്ധതിക്ക് കീഴിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നുണ്ട്. കൂടാതെ ഗവേഷണവും വികസനവും വർദ്ധിപ്പിക്കാനും ഈ മേഖലയിൽ 10,000 വിദഗ്ധരായ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്.

വിന്റ് ടർബൈനുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനങ്ങൾ , ബാറ്ററി നിർമാണം എന്നിവയ്ക്കെല്ലാം ലിഥിയം, കോബാൾട്ട്, നിക്കൽ, റെയർ എർത്ത് എലമെന്റ്സ് എന്നിങ്ങനെയുള്ള ധാതുക്കളുടെ ആവശ്യം രാജ്യത്ത് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് സൗദി അറേബ്യയുമായുളള സഹകരണം ഇന്ത്യ കൂടുതൽ ശക്തമാക്കുന്നത്.
ധാതുക്കളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ നിർണായകമായ പ്രഖ്യാപനവും ഇന്ത്യ നടത്തിയിരുന്നു. ഇന്ത്യയിൽ ലഭ്യമല്ലാത്ത 15 ഓളം ധാതുക്കളുടെ ഇറക്കുമതിയിൽ കസ്റ്റംസ് തീരുവ പൂർണമായും നീക്കം ചെയ്യുകയാണെന്നാണ് ധനമന്ത്രി അറിയിച്ചത്. ലിഥിയം അടക്കമുള്ള ധാതുക്കളുടെ തീരുവയാണ് നീക്കിയത്.
നിലവിൽ ഇന്ത്യയ്ക്ക് ആവശ്യമായ ലിഥിയം ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണം വലിയ തോതിൽ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലിഥിയം അയേൺ ബാറ്ററികളുടെ ആവശ്യവും ഉയരുന്നുണ്ട്. മാത്രമല്ല ഫോൺ വിപണിയിലും ലിഥിയം ബാറ്ററികളുടെ ആവശ്യമുണ്ട്. ഈ സാഹചര്യത്തിൽ ചൈനയ്ക്ക് മേലുള്ള ആശ്രിതത്വം കുറക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായിട്ടായിരുന്നു നടപടി. സൗദിയുമായുള്ള സഹകരണം ചൈനയ്ക്ക് തിരിച്ചടിയാകും.
അതേസമയം സൗദി ആകട്ടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ധാതുക്കളുടെ ആഗോള കേന്ദ്രമാകാനാണ് ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ 2.5 ട്രില്യൺ ഡോളർ മൂല്യമുള്ള ധാതുസമ്പത്ത് സൗദിക്ക് ഉണ്ട്. അടുത്തിടെ അന്താരാഷ്ട്ര നിക്ഷേപകർക്ക് ഖനന പര്യവേക്ഷണത്തിന് സൗദി ലൈസൻസ് നൽകാൻ ആരംഭിച്ചിരുന്നു. അതേസമയം ഇന്ത്യയുമായുള്ള സൗദിയുടെ സഹകരണം ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉൽപ്പാദന മേഖല വികസിപ്പിക്കാനും ആഗോളതലത്തിൽ മുന്നേറാനും ഇന്ത്യയ്ക്ക് ധാതുക്കൾ അനിവാര്യമാണ്. സൗദിയുടെ കൈവശം ഇത് വേണ്ടുവോളം ഉണ്ട്. വ്യാപാരം എന്നതിലുപരി ഇടപാടുകൾ മാറിയാൽ ഇരുരാജ്യങ്ങൾക്കും ഇപ്പോഴത്തെ നീക്കങ്ങൾ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications