ഹിമാചലിൽ തിരിച്ചടിച്ച് ആം ആദ്മി; മുതിർന്ന ബിജെപി നേതാവ് ആം ആദ്മിയിലേക്ക്
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചലിൽ മുതിർന്ന ബി ജെ പി നേതാവ് ആം ആദ്മിയിൽ ചേർന്നു. ബി ജെ പി പട്ടികജാതി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഹർമൽ ധിമാൻ ആണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ തന്റെ അനുയായികൾക്കൊപ്പം എ എ പിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം നിരവധി ആം ആദ്മി നേതാക്കൾ ബി ജെ പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആം ആദ്മിയുടെ പുതിയ നീക്കം. ബി ജെ പിയുടെ നയത്തിൽ മടുത്താണ് പാർട്ടി വിടുന്നതെന്ന് ധിമാൻ പ്രതികരിച്ചു.

ദേവരാജ്, ജഗദീഷ് പവാർ എന്നീ ബി ജെ പി നേതാക്കളാണ് ധിമാനൊപ്പം ബി ജെ പിയിൽ ചേർന്നത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള കൂടുതൽ ബിജെപി നേതാക്കൾ ആം ആദ്മിയിൽ ഉടൻ ചേരുമെന്ന് മുതിർന്ന എഎപി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിമാചൽ പ്രദേശിലെ പ്രമുഖ നേതാവാണ് ധിമാൻ. ബി ജെ പി നയങ്ങളിൽ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവെച്ചത്. കഴിഞ്ഞ 30 വർഷമായി ബിജെപിവമായി പ്രവർത്തിക്കുന്ന അദ്ദേഹം ബിജെപിയുടെ എസ്‌സി മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു, ജെയിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേവരാജ് രണ്ട് തവണ ബിജെപിയുടെ മണ്ഡല് പ്രസിഡന്റായിരുന്നു. പവാർ രണ്ട് തവണ പ്രധാൻ (ഗ്രാമത്തലവൻ) ആയിരുന്നു, കൂടാതെ ബ്ലോക്ക് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്, ജയിൻ വ്യക്തമാക്കി. ബിജെപിയിൽ നിന്ന് 1000 പേരെങ്കിലും ഉടൻ ആം ആദ്മി പാർട്ടിയിൽ ചേരും. ഇതുമായി ബന്ധപ്പെട്ട് താൻ ഉടൻ കസൗലി സന്ദർശിക്കുന്നുണ്ട്, ജെയിൻ കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ എഎപിയുടെ ചുമതല ജെയിനിനാണ്.
കഴിഞ്ഞയാഴ്ചയാണ് എ എ പി ഹിമാചൽ പ്രദേശ് പ്രസിഡന്റ് അനുപ് കേസരി, ജനറൽ സെക്രട്ടറി (സംഘടന) സതീഷ് താക്കൂർ, ഉന ജില്ലാ മേധാവി ഇഖ്ബാൽ സിംഗ് എന്നിവർ ബി ജെ പിയിൽ ചേർന്നത്. ഷിംലയിൽ ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ റോഡ്‌ഷോയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായിരുന്നു നേതാക്കളുടെ പാർട്ടി പ്രവേശം.
പിന്നാലെ എ എ പിയുടെ വനിതാ വിഭാഗം മേധാവി മംമ്ത താക്കൂറും മറ്റ് അഞ്ച് ഭാരവാഹികളും ബി ജെ പിയിൽ ചേർന്നിരുന്നു. നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതോടെ ആം ആദ്മി സംസ്ഥാന വർക്കിങ് കമ്മിറ്റി പിരിച്ച് വിട്ടിരുന്നു.












Click it and Unblock the Notifications