കർണാടകത്തിൽ ജെഡിഎസിനും കോൺഗ്രസിനും തിരിച്ചടി; മുൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ബിജെപിയിൽ
ബെംഗളൂരു; കർണാടകത്തിൽ കോൺഗ്രസിനും ജെഡിഎസിനും തിരിച്ചടി നൽകി നിരവധി നേതാക്കൾ ബി ജെ പിയിൽ ചേർന്നു. ദേവനഹള്ളിയിൽ നിന്നുള്ള മുൻ ജെ ഡി എസ് എം എൽ പിള്ള മുനിഷമപ്പയും അദ്ദേഹത്തിൻറെ അനുയായികളായ 13 ഓളം പേരും ഒപ്പം കോൺഗ്രസ് നേതാക്കളുമാണ് ബി ജെ പിയൽ ചേർന്നത്.

ജെഡി(എസ്) ഓർഗനൈസിംഗ് സെക്രട്ടറി അശ്വത, ജെഡി(എസ്) സോഷ്യൽ മീഡിയ പ്രസിഡന്റ് അനിൽ യാദവ്, ദേവനഹള്ളിയിലെ കോൺഗ്രസ് നേതാവ് ജോല്ലപ്പനവർ നാരായണസ്വാമി തുടങ്ങിയവരാണ് ബിജെപിയിൽ ചേർന്ന പ്രമുഖർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മി നേതാക്കളെ ബി ജെ പിയിലേക്ക് സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് നേതാക്കൾ ബി ജെ പിയിലേക്ക് ഒഴുകുകയാണെന്നും ഇനിയും കൂടുതൽ പേർ എത്തുമെന്നും ബൊമ്മി പ്രതികരിച്ചു.
ബെലഗാവിയിലും രാമനഗറിലും കോൺഗ്രസിലെയും ജെഡിഎസിലെയും നേതാക്കൾ ബിജെപിയിൽ ചേരാൻ തുടങ്ങി. ഭാവിയിൽ മറ്റ് ജില്ലകളിലെ നേതാക്കളും പാർട്ടിയിൽ ചേരും. ജനക്ഷേമത്തിൽ താൽപ്പര്യമുള്ള കോൺഗ്രസിലേയും ജെ ഡി എസിലേയും നിരവധി നേതാക്കൾ ഞങ്ങളുമായി ബന്ധപ്പെടുന്നുണ്ട്, ബൊമ്മി പറഞ്ഞു. കോൺഗ്രസിനെതിരേയും ബൊമ്മി ആഞ്ഞടിച്ചു. കോൺഗ്രസിലെ നേതാക്കളുടെ പെരുമാറ്റം കണ്ടാൽ അവർ അധികാരത്തിലെത്തിയത് പോലെയാണ്. അവർ എത്രയൊക്കെ ശ്രമിച്ചാലും ഇനി അധികാരത്തിലേക്ക് മടങ്ങാൻ കഴിയില്ല. ജനം ഒരിക്കലും പരാജയമായ അവരുടെ ഭരണത്തെ തിരികെ കൊണ്ടുവരില്ല, ബൊമ്മി പറഞ്ഞു.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവിയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കെതിരേയും കോൺഗ്രസിനെതിരേയും രംഗത്തെത്തി. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നും സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാൻ പോകുന്നില്ലന്നും രവി പറഞ്ഞു.
Recommended Video
2023 ലാണ് കർണാടകത്തിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് കർണാടകത്തിൽ നടക്കാനിരിക്കുന്നത്. ഭരണം പിടിക്കാൻ കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറിന് കീഴിൽ ശക്തമായ നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.
2018 ൽ സംസ്ഥാനത്ത് ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബി ജെ പിയെ പുറത്ത് നിർത്താൻ കോൺഗ്രസും ജെ ഡി എസും കൈകോർക്കുകയായിരുന്നു. എന്നാൽ ജെ ഡി എസ്-കോൺഗ്രസ് സഖ്യത്തിൽ ഉയർന്ന അതൃപ്തികൾ മുതലാക്കി 17 എം എൽ എമാരെ ഇരു കക്ഷികളിൽ നിന്നും അടർത്തിയെടുത്ത് ബി ജെ പി അധികാരം തിരിച്ച് പിടിക്കുകയായിരുന്നു.












Click it and Unblock the Notifications