പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടി: ബിഎസ്പിയും വൈഎസ്ആർ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ല
ഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പദ്ധതിയിടുന്ന പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്ക്ക് കനത്ത തിരിച്ചടി. പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ മായാവതിയുടെ ബിഎസ്പിയും വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടിയും പിന്തുണച്ചേക്കില്ല. "എല്ലാം നല്ലതായിരിക്കുമ്പോൾ, അവിശ്വാസ പ്രമേയത്തിന്റെ ആവശ്യം എവിടെയാണ്?" എന്നാണ് എംപിയും വൈ എസ് ആർ സി പി പാർലമെന്ററി നേതാവുമായ വിജയസായി റെഡ്ഡി കഴിഞ്ഞ ദിവസം ചോദിച്ചത്.
പ്രതിപക്ഷത്തിന്റെ ഈ നീക്കത്തെ വൈ എസ് ആർ സി പി എതിർക്കുമെന്നും എംപി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മണിപ്പൂർ പ്രതിസന്ധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനകം പ്രതികരിച്ചതിനാൽ സമ്മേളനം സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ബി ജെ പി സർക്കാരിനെ പിന്തുണച്ചുകൊണ്ട് വിജയസായി പറഞ്ഞു.

'മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് മറുപടി നൽകാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ജി സമ്മതിച്ചതിന് ശേഷവും പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനെ വൈ എസ് ആർ സി പി പാർട്ടി പിന്തുണയ്ക്കുന്നില്ല. മണിപ്പൂർ ആഭ്യന്തര സുരക്ഷാ പ്രശ്നവും ആഭ്യന്തര മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതുമാണ്. ലോക്സഭയും രാജ്യസഭയും തടസ്സപ്പെടുത്തുന്നത് നമ്മളെ ഇപ്പോൾ എവിടെയും എത്തിക്കുന്നില്ല'- വിജയസായി ട്വിറ്ററില്‍ കുറിച്ചു.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെ തുടർന്നുള്ള ചർച്ച കോൺഗ്രസിനെയും പ്രതിപക്ഷത്തെയും തളർത്തുമെന്നായിരുന്നു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേതാവ് മലൂക്ക് നഗർ പ്രതികരിച്ചത്. 'കോൺഗ്രസിന് നേതൃപാടവമില്ല. പ്രധാനമന്ത്രി ദുർബലനായിരിക്കുമ്പോഴാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞു കഴിയുമ്പോൾ പ്രതിപക്ഷം വിറങ്ങലിച്ചു പോകും. കോൺഗ്രസ് വീണ്ടും ദുർബലമാകും'- കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.
ചർച്ച നടക്കുമ്പോൾ അധീർ രഞ്ജനെപ്പോലൊരു നേതാവിന് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് പ്രതിപക്ഷത്തെ ദുർബലമാക്കുകയും രാജ്യത്തെ ദുർബലമാക്കുകയും ചെയ്യും. കോൺഗ്രസാണ് പ്രതിപക്ഷത്തെ പ്രധാന കക്ഷി. അവർ ഇതിലൂടെ ചിന്തിക്കേണ്ടതായിരുന്നു," എഎൻഐയോട് സംസാരിക്കവെ മലൂക്ക് നഗർ പറഞ്ഞു.
മണിപ്പൂർ വിഷയത്തില്‍ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയായാണ് ബുധാനാഴ്ച കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. മണിപ്പൂർ പ്രതിസന്ധിയിൽ പ്രതികരിക്കാൻ പ്രധാനമന്ത്രിയെ സഭയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. ബിആർഎസ് പാർട്ടിയുടെ നാമ നാഗേശ്വര റാവുവും സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications