കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് ഷര്‍മിള
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നടി ഷര്‍മിള ടാഗോര്‍ നിഷേധിച്ചു. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് താരറാണിയായിരുന്ന ഷര്‍മിള ടാഗോറിനെ കോണ്‍ഗ്രസ് ഗുഡ്ഗാവില്‍ മത്സരിപ്പിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തല്‍ക്കാലം പദ്ധതിയില്ല എന്നാണ് ഷര്‍മിള നയം വ്യക്തമാക്കിയിരിക്കുന്നത്.
ഷര്‍മിള ടാഗോറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായി പാര്‍ട്ടി മുതിര്‍ന്ന നേതാവ് പി സി ചാക്കോ വെളിപ്പെടുത്തിയിരുന്നു. ഇത് സംബദ്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവസാന തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി കൈക്കൊണ്ടിരുന്നില്ല. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്നും ഷര്‍മിള ടാഗോറിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ പരിപാടി.

ഗുഡ്ഗാവിലെ കോണ്‍ഗ്രസ് എം പിയായിരുന്നു റാവു ഇന്ദര്‍ജിത് സിംഗ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ശക്തനായ ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടി പാര്‍ട്ടി നേതൃത്വം തിരച്ചില്‍ ആരംഭിച്ചത്. ബി ജെ പി ടിക്കറ്റില്‍ നിന്നും ഇതേ മണ്ഡലത്തില്‍ ഇന്ദര്‍ജിത് സിംഗ് മത്സരിച്ചേക്കുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മുതിര്‍ന്ന നേതാവും പാര്‍ട്ടി വക്താവുമായ യോഗേന്ദ്ര യാദവാണ് മത്സരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ബോളിവുഡിലെ ഐക്കണ്‍ അഭിനേത്രിയും സെലിബ്രിറ്റിയുമായ ഷര്‍മിള ടാഗോറിനെ ഗുഡ്ഗാവില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടത്. 69 കാരിയായ ഷര്‍മിള ടാഗോര്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ തുടങ്ങിയവ നേടിയിട്ടുണ്ട്. 2004 മുതല്‍ 2011 വരെ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്നു.












Click it and Unblock the Notifications