'ഷീസാന് ഖാന് മറ്റ് പല പെൺകുട്ടികളുമായും ബന്ധം, തുനിഷ തകർന്നു പോയി', ആരോപണവുമായി നടിയുടെ ബന്ധു
മുംബൈ: സിനിമാ-സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാരം ഷീസാന്‍ മുഹമ്മദ് ഖാന് എതിരെ ആരോപണങ്ങളുമായി നടിയുടെ ബന്ധുക്കള്‍. തുനിഷയുമായി പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെ ഷീസാന്‍ ഖാന് മറ്റ് പെണ്‍കുട്ടികളുമായും ബന്ധമുണ്ടായിരുന്നുവെന്ന് തുനിഷയുടെ ബന്ധുവായ പവന്‍ ശര്‍മ ആരോപിച്ചു. ഇരുപതുകാരിയായ തുനിഷയെ കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സെറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
ഷീസാന്‍ ഖാനെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. പതിനഞ്ച് ദിവസം മുന്‍പ് ഇരുവരുടേയും പ്രണയബന്ധം അവസാനിപ്പിച്ചിരുന്നുവെന്നും അതിനെ തുടര്‍ന്നാണ് തുനിഷ ജീവനൊടുക്കിയത് എന്നുമാണ് പോലീസ് കേസ്. അതേസമയം തുനിഷയുടെ മരണത്തിന്റെ എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. തുനിഷയുടെ മരണത്തിന് പിന്നില്‍ ലൗ ജിഹാദ് ഉണ്ടെന്നുളള ബിജെപി എംഎല്‍എ രാം കദമിന്റെ വാദം പോലീസ് തളളി.

തുനിഷയുടെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ ആഘാതത്തിലാണ് കുടുംബം. തുനിഷ ജീവനോടെ ഇല്ലെന്ന് തങ്ങള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അമ്മാവനായ പവന്‍ ശര്‍മ പ്രതികരിച്ചു. ''മിറാ റോഡിലുളള ഇന്ദ്രപ്രസ്ഥ ബില്‍ഡിംഗില്‍ ആയിരുന്നു തുനിഷ അമ്മയ്ക്ക് ഒപ്പം താമസിച്ചിരുന്നത്. എല്ലാ കാര്യങ്ങളും അവളായിരുന്നു നോക്കിയിരുന്നത്. പോലീസില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ട്. കുറ്റക്കാരന്‍ ആരായാലും അയാള്‍ ശിക്ഷിക്കപ്പെടണം'', പവന്‍ ശര്‍മ പറഞ്ഞു.
''തുനിഷയുമായി പ്രണയത്തിലായി ഒരുമിച്ച് താമസിക്കുമ്പോള്‍ തന്നെ ഷീസാന് മറ്റ് അനവധി പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞതോടെയാണ് തുനിഷ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കും വിഷാദരോഗത്തിലേക്കും വീണത്. ഷീസാന്‍ തന്നെ ചതിക്കുകയാണ് എന്ന് തുനിഷ അറിഞ്ഞത് ഡിസംബർ 16ന് ആണ്. അത് തുനിഷയ്ക്ക് വലിയ ആഘാതമായിരുന്നു. തുനിഷയുടെ അമ്മയും ഷീസാനോട് സംസാരിച്ചിരുന്നു. ഈ ബന്ധത്തെ ഗൗരവമായി കണ്ടിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് തുനിഷയുമായി ഇത്ര അടുക്കുകയും പെട്ടെന്ന് വിട്ട് പോവുകയും ചെയ്തത് എന്ന് ഷീസാനോട് ചോദിച്ചിരുന്നു'', പവന്‍ ശര്‍മ പറഞ്ഞു.
ചൊവ്വാഴ്ചയാണ് തുനിഷ ശര്‍മ്മയുടെ അന്തിമ കര്‍മ്മങ്ങള്‍ നടക്കുക. തുനിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തൂങ്ങിയതാണ് മരണകാരണം എന്നാണ്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തുനിഷയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തിരിക്കുന്നത് എന്ന് അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ ചന്ദ്രകാന്ത് യാദവ് വ്യക്തമാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് നടന് മേല്‍ ചുമത്തിയിരിക്കുന്നത്. ആലി ബാബ- ദാസ്താ ഇ കാബൂള്‍ എന്ന സീരിയലില്‍ നായികാ-നായകന്മാരായിരുന്നു തുനിഷയും ഷീസാനും. ഷീസാനെ കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
തങ്ങള്‍ രണ്ട് പേരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് എന്നതും തുനിഷയേക്കാള്‍ പ്രായക്കൂടുതലുണ്ട് എന്നതും കാരണമാണ് പ്രണയം അവസാനിപ്പിച്ചത് എന്നാണ് ഷീസാന്‍ ഖാന്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ദില്ലിയില്‍ നടന്ന ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം തന്നെ മാനസികമായി ബാധിച്ചിരുന്നുവെന്നും ഷീസാന്‍ മൊഴി നല്‍കി. വിവാഹത്തിന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ശ്രദ്ധ വാള്‍ക്കറിനെ ലിവ് ഇന്‍ പാര്‍ട്ട്ണര്‍ ആയ അഫ്താബ് പൂനവാലെ കൊലപ്പെടുത്തുകയായിരുന്നു. തുനിഷ ഇതിന് മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് രക്ഷിച്ചത് എന്നും ഷീസാന്‍ പോലീസിനോട് വ്യക്തമാക്കി. ഷൂട്ടിംഗിനിടെ ഷീസാനും തുനിഷയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് മേക്കപ്പ് റൂമിലേക്ക് പോയ തുനിഷയെ പിന്നീട് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications