രാഹുൽ അന്നേ പറഞ്ഞില്ലേ; അപ്പോൾ നിങ്ങൾ സർക്കാരിനെ അട്ടിമറിക്കുന്ന തിരക്കിൽ, ബിജെപിക്കെതിരെ ശിവസേന!
മുംബൈ: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി കയ്യടി നേടുന്നു. നിരന്തരമായി കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി സജീവ ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി കൂടിയായ ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തണം എന്നും ശിവസേന ആവശ്യപ്പെട്ടു.

മുഖപ്രസംഗത്തിൽ പ്രശംസ
ശിവസേന മുഖപത്രമായ സാംമ്‌നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടാണ് ശിവസേനയുടെ കയ്യടിക്ക് കാരണം.

രാഹുൽ കാണിച്ച് തന്നു
ഇത്തരമൊരു പ്രതിസന്ധിഘട്ടത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണം എന്നതാണ് രാഹുല്‍ ഗാന്ധി കാണിച്ച് തന്നത് എന്ന് ശിവസേന ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മഹാമാരിക്കെതിരെ ഒരുമിച്ച് പൊരുതാനാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമങ്ങളെ കണ്ടപ്പോള്‍ ആഹ്വാനം ചെയ്തത്.

മോദി ചർച്ച നടത്തണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നിരവധി കാര്യങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ പരസ്പരം പഴിചാരേണ്ട സമയം ഇതല്ലെന്ന് രാഹുല്‍ പറഞ്ഞതിനേയും ശിവസേന അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും കൊവിഡ് മഹാമാരി പ്രതിരോധം സംബന്ധിച്ച് നേര്‍ക്ക് നേര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ശിവസേന ആവശ്യപ്പെട്ടു.

ബിജെപി ഇമേജുണ്ടാക്കിയത്
രാഹുല്‍ ഗാന്ധിയെ കുറിച്ച് ചില കാഴ്ചപ്പാടുകളുണ്ടാകാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അമിത് ഷായെ കുറിച്ചും അഭിപ്രായങ്ങളുണ്ടാകാം. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് മേല്‍ കരിവാരിത്തേച്ചാണ് ബിജെപി തങ്ങളുടെ പകുതി ഇമേജും കെട്ടിപ്പൊക്കിയത്. അത് ഇന്നും തുടരുകയാണ് എന്നും ശിവസേന കുറ്റപ്പെടുത്തി.

നേരത്തെ മുന്നറിയിപ്പ് നൽകി
എന്നാല്‍ ഇന്നത്തെ പ്രതിസന്ധിയില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ചേ മതിയാകൂ. രാജ്യം ഒരു പ്രതിസന്ധിയെ നേരിടുമ്പോള്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണം എന്നതിന് ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ കൊറോണ വൈറസ് ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ശിവസേന പറയുന്നു.

സർക്കാരിനെ വീഴ്ത്താനുളള തിരക്ക്
സര്‍ക്കാരിനോട് വേണ്ട നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. എല്ലാവരും കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ വലിച്ച് താഴെ ഇടാനുളള തിരക്കിലായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി കൊറോണയെ നേരിടാന്‍ സര്‍ക്കാരിനെ ഉണര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. കൊവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ കയറ്റുമതി നിര്‍ത്തിവെക്കാന്‍ രാഹുല്‍ ഗാന്ധി നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരുന്നു.

ശക്തമായ പ്ലാന്‍ വേണം
ലോക്ക്ഡൗണ്‍ കൊണ്ട് കൊവിഡിനെ കൊല്ലാനാകില്ല എന്നുളള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പൂര്‍ണമായും ശിവസേന ശരിവെക്കുന്നു. ലോക്ക്ഡൗണില്‍ നിന്ന് പുറത്ത് വരാന്‍ ശക്തമായ പ്ലാന്‍ വേണം. രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ച ആശയങ്ങള്‍ സര്‍ക്കാരിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുളള ചിന്തന്‍ ശിബിരം പോലെയാണ് എന്നും രാജ്യത്തിന് അത് കൊണ്ട് ഗുണമുണ്ടാകുമെന്നും ശിവസേന പറയുന്നു.

ലോക്ക്ഡൗണ്‍ ഒരു പോസ് ബട്ടണ്‍
ലോക്ക്ഡൗണ്‍ എന്നത് ഒരു പോസ് ബട്ടണ്‍ മാത്രമാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് കൊറോണ വൈറസിനെ തടയാനുളള ഉപാധിയല്ല. ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വൈറസ് വീണ്ടും അതിന്റെ പണി തുടങ്ങും. അതുകൊണ്ട് തന്നെ ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് വരുമ്പോള്‍ കൃത്യമായ ആസൂത്രണം വേണമെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. വൈറസിനെ തടയാനുളള ഏറ്റവും വലിയ ആയുധം കൊവിഡ് പരിശോധന തന്നെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്ത്രപരമായി തന്നെ നടപ്പിലാക്കണം
ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ പരിശോധനാ ക്ഷമത കൂട്ടാനും കൂടുതല്‍ വെന്റിലേറ്ററുകളും ആശുപത്രികളും അടക്കമുളള സൗകര്യങ്ങള്‍ സംഘടിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ലോക്ക്ഡൗണിനെക്കൊണ്ട് കുറച്ച് സമയത്തേക്ക് വൈറസിനെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമെന്നേയുളളൂ എന്നും രാഹുൽ ചൂണ്ടിക്കാട്ടി. ആക്രമണോത്സുകമായ തരത്തില്‍ കൊവിഡ് പരിശോധനകള്‍ നടത്തണം. അത് വളരെ തന്ത്രപരമായി തന്നെ നടപ്പിലാക്കണമെന്നും രാഹുൽ പറഞ്ഞു.












Click it and Unblock the Notifications