ഡികെ വേണ്ട, മുഖ്യമന്ത്രി താനല്ലെങ്കില്‍ മൂന്നാമതൊരാള്‍, ഇല്ലെങ്കില്‍ വിരമിക്കുമെന്ന് സിദ്ധരാമയ്യ
ദില്ലി: കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തിലേക്കുള്ള സസ്‌പെന്‍സ് തുടരുന്നതിനിടെ ശക്തമായ നിലപാടെടുത്ത് സിദ്ധരാമയ്യ. താനല്ലെങ്കില്‍, മൂന്നാമതൊരാള്‍ മുഖ്യമന്ത്രിയാവും, അല്ലാതെ ഡികെ ശിവകുമാറിനെ ഒരിക്കലും മുഖ്യമന്ത്രിയാക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞതായി ഒരു വൊക്കലിഗ എംഎല്‍എ വെളിപ്പെടുത്തി. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സര്‍വേകളെല്ലാം തനിക്കാണ് ഉയര്‍ന്ന അപ്രൂവല്‍ റേറ്റിംഗ് നല്‍കിയിരിക്കുന്നതെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചതായി എംഎല്‍എ പറഞ്ഞു. ഡികെ ശിവകുമാറിന് ആകെ പത്ത് ശതമാനം വോട്ടാണ് ലഭിച്ചത്. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗം, ദളിതുകള്‍ എന്നിവ വരുന്ന അഹിന്ദ വിഭാഗം കോണ്‍ഗ്രസിനെയാണ് വന്‍ തോതില്‍ പിന്തുണച്ചിരിക്കുന്നത്. താന്‍ മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷയിലാണ് അഹിന്ദകള്‍ കോണ്‍ഗ്രസിനെ ഇത്രത്തോളം ശക്തമായി പിന്തുണച്ചതെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടതായി വൊക്കലിഗ എംഎല്‍എ പറഞ്ഞു.

കോണ്‍ഗ്രസ് തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തീര്‍ച്ചയായും ഈ അഹിന്ദകള്‍ കോണ്‍ഗ്രസില്‍ നിന്ന് അകലും. അവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ സിദ്ധരാമയ്യ അവകാശപ്പെട്ടിട്ടുണ്ട്.
ആര്‍ക്കാണോ കൂടുതല്‍ വോട്ട് ലഭിക്കുന്നത് അവര്‍ മുഖ്യമന്ത്രിയാകുമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതായും ഈ എംഎല്‍എ പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും, ഭാവിയില്‍ പാര്‍ട്ടിയുടെ ഒരു കാര്യങ്ങളിലും ശ്രദ്ധിക്കില്ലെന്നും അദ്ദേഹം നേതൃത്വത്തോട് പറഞ്ഞുവെന്നുമാണ് ഈ എംഎല്‍എ അവകാശപ്പെടുന്നത്.
കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കണമെങ്കില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഹൈക്കമാന്‍ഡിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. ഡികെ ശിവകുമാര്‍ നേരിടുന്ന പല കേസുകളെ കുറിച്ചും ഹൈക്കമാന്‍ഡിന് മുന്നില്‍ സിദ്ധരാമയ്യ അവതരിപ്പിച്ചു.
ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപി അത് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞുവെന്നും വൊക്കലിഗ വിഭാഗത്തിലെ എംല്‍എ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തില്‍ സിദ്ധരാമയ്യ കടുംപിടുത്തത്തില്‍ ആണെങ്കില്‍ എന്ത് വന്നാലും ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ.
താനല്ലെങ്കില്‍ മൂന്നാമതൊരു വ്യക്തിയെ മുഖ്യമന്ത്രിയാക്കാം. അതിന് പ്രശ്‌നമില്ല. പക്ഷേ ഡികെയെ എന്തിന്റെ അടിസ്ഥാനത്തില്‍ ആയാലും മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിന് വേണ്ടി താനിനി പ്രവര്‍ത്തിക്കില്ല. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അത് ശരിക്കും ഞെട്ടിച്ചെന്നും എംഎല്‍എ പറഞ്ഞു.
സിദ്ധരാമയ്യ ഇല്ലാതെ കര്‍ണാടക കോണ്‍ഗ്രസിനെ ചിന്തിക്കാന്‍ കൂടി സാധിക്കില്ല. സിദ്ധരാമയ്യ ഇല്ലെങ്കില്‍ ബിജെപി എളുപ്പത്തില്‍ തിരഞ്ഞെടുപ്പ് വിജയിക്കും. ജെഡിഎസ്സും അതോടെ തിരിച്ചുവരുമെന്നും ഈ എംഎല്‍എ പറഞ്ഞു. അതേസമയം സിദ്ധരാമയ്യക്കായി ഒബിസികളും, മുസ്ലീങ്ങളും, എസ്ടി വിഭാഗവും രംഗത്തുണ്ട്. വൊക്കലിഗ വിഭാഗത്തില്‍ പോലും ഡികെ ശിവകുമാറിന് പൂര്‍ണ പിന്തുണയില്ല.
ലിംഗായത്തുകള്‍ കോണ്‍ഗ്രസിനായി 3 സീറ്റ് നല്‍കിയവരാണ്. എന്നാല്‍ ഡികെ ശിവകുമാറിനെയും, സിദ്ധരാമയ്യയെയും അവര്‍ പിന്തുണയ്ക്കുന്നില്ല. ഈ പോരാട്ടത്തില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനമല്ല ഉപമുഖ്യമന്ത്രി സ്ഥാനമാണ് അവര്‍ ആഗ്രഹിക്കുന്നത്. എംബി പാട്ടീലിന് അത് ലഭിക്കുമെന്നാണ് കരുതുന്നത്. ഒപ്പം സുപ്രധാനപ്പെട്ട എട്ടോളം മന്ത്രിസ്ഥാനവും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഡികെ ശിവകുമാറിന് ലിംഗായത്തുകളുടെ പിന്തുണയുണ്ടെന്നത് അദ്ദേഹത്തിന്റെ മാത്രം വാദമാണ്. എന്നാല്‍ ലിംഗായത്തുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. കാരണം വൊക്കലിഗ മുഖ്യമന്ത്രിയെ അവർക്ക് താല്‍പര്യമില്ല. എന്നാല്‍ ലിംഗായത്ത് മേഖലകളില്‍ ധാരാളം ഒബിസി വിഭാഗങ്ങളുണ്ട്. അതുകൊണ്ട് സിദ്ധരാമയ്യ വരുന്നതിനോട് എതിര്‍പ്പുമില്ല.












Click it and Unblock the Notifications