പ്രതിദിന രോഗ നിരക്കില്‍ നേരിയ കുറവ്; 24 മണിക്കൂറില്‍ 1,68,063 രോഗികള്‍
ന്യൂദല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കില്‍ നേരിയ കുറവ്. കഴിഞ്ഞ ദിവസം 1,68,063 പേര്‍ക്കാണ് രോഗം സ്ഥിരീകരീച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 6.5% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച രാജ്യത്ത് 1,70,000 ത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്.
ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,58,75,790 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 277 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 4,84,213 ആയി ഉയര്‍ന്നു.

രാജ്യത്തിന്റെ ആകെ കൊവിഡ് രോഗികളുടെ ഭൂരിഭാഗവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ 33,470 പേര്‍ക്ക് രോഗം ബാധിച്ചു. പശ്ചിമ ബംഗാളില്‍ 19,286 പേര്‍ക്കും ദല്‍ഹിയില്‍ 19,166 പേര്‍ക്കും രോഗം ബാധിച്ചു. തമിഴ്നാട്ടില്‍ 13,990, കര്‍ണാടകയില്‍ 11,698 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം ഓരോ 100 ഡെല്‍റ്റാ കേസുകളിലും 400-500 വരെ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തിന്റെ 4,000 കേസുകള്‍ ഇന്ത്യ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ പിന്തുണ എന്നിവയുടെ ലഭ്യതയില്‍ ദിവസവും നിരീക്ഷണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമുള്ളപ്പോള്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഓക്സിജന്‍ പിന്തുണയുള്ള കിടക്കകളിലേക്ക് അപ്ഗ്രേഡ് ചെയ്യേണം. ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്സിംഗ്, എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനം ഉറപ്പാക്കുണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
രാജ്യത്തെ ഭൂരിഭാഗം വന്‍ നഗരങ്ങളിലും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്സിജന്റെയും ആവശ്യകത വര്‍ധിച്ചു വരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തിരുന്നു. വൈറസ് വ്യാപനം ദ്രുതഗതിയിലാണെന്നും ജനിതക പരിശോധനകള്‍ ഫലപ്രദമാണെന്നും അദ്ദേഹം യോഗത്തില്‍ വിലയിരുത്തി.
കൗമാരക്കാരുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വാക്‌സിനേഷനില്‍ ശ്രദ്ധ കൊടുത്ത് രോഗപ്രതിരോധം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കൊവിഡ് - 19 വാക്സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇത് പ്രകാരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രാത്രി 10 മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊവനിഡ് വാക്‌സിനേഷന്‍ 150 കോടി പിന്നിട്ടിട്ടുണ്ട്.












Click it and Unblock the Notifications