എസി കോച്ചിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ, ഒഡീഷയിൽ ട്രെയിൻ നിർത്തിയിട്ടു
ഒഡീഷ: എസി കോച്ചിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് സെക്കന്തരാബാദ്-അഗര്‍ത്തല എക്സ്പ്രസ് ബെർമാർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോച്ചിൽ നിന്നും പുക ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു.
ട്രെയിനിന്റെ ബി-5 കോച്ചിൽ നിന്നായിരുന്നു പുക ഉയർന്നത്. ഇതോടെ യാത്രക്കാർ അലാറം മുഴക്കി. അധികൃതർ പെട്ടെന്ന് തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നാൽ പുക ഉയർന്ന കോച്ചിൽ തുടർന്ന് യാത്ര ചെയ്യാനാകില്ലെന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ അറിയിച്ചു. കോച്ച് മാറ്റണം എന്നതായിരുന്നു യാത്രക്കാരുടെ ആവശ്യം. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യ നടപടികൾ സ്വീകരിച്ചതായും റെയിൽവേ അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ യാത്ര പുനഃരാരംഭിച്ചു.

അതിനിടെ ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 288 പേരാണ് മരണപ്പെട്ടതെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. 205 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. 83 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ജൂൺ 2 ന് രാത്രി ഏഴ് മണിയോടെയായിരുന്നു ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനു സമീപം രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നത്. ഷാലിമാറിൽനിന്നു ചെന്നൈയിലേക്കു പോയ കൊറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരുവിൽനിന്നു ഹൗറയിലേക്കു പോയ യശ്വന്ത്പുപ-ഹൗറ എക്സ്പ്രസ്, ഒരു ഗുഡ്സ് ട്രെയിൻ എന്നിവയായിരുന്നു അപകടത്തിൽ പെട്ടത്.












Click it and Unblock the Notifications