കശ്മീരിൽ കനത്ത ജാഗ്രത,മൊബൈൽ ഇന്റർനെറ്റ് സർവ്വീസുകൾ നിർത്തിവെച്ചു
ബുർഹൻ വാണിയെ വധിച്ചിട്ട് നാളെ ഒരു വർഷം
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹൻ വാണിയെ വധിച്ചിട്ട് നാളെ ഒരു വർഷം. സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിൽ പോലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്. സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് സർവ്വീസുകൾ വ്യാഴാഴ്ച രാത്രി മുതൽ നിർത്തിവെച്ചു. കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 6 മുതൽ 10 ദിവസത്തേക്ക് സംസ്ഥാന സർക്കാർ അവധിയും പ്രഖ്യാപിച്ചിരുന്നു.
ബുർഹൻ വാണിയുടെ മരണവാർഷിക ദിനത്തിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിക്കുമെന്ന് ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സാക്കിർ മൂസ മുന്നറിയിയിപ്പ് നൽകിയിരുന്നു. കശ്മീർ താഴ്‌വരയിലെ ഹിസ്ബുൾ മുജാഹിദീന്റെ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ബുർഹൻ വാണി 2016 ജൂലൈ 8 ന് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ബുർഹന്റെ സഹോദരനും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത്. ബുർഹൻ വാണിയെ തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒട്ടേറെ ശ്രമിച്ചിരുന്നു എന്ന് പിതാവ് മുസാഫർ വാണി വെളിപ്പെടുത്തിയിരുന്നു.

മൂത്ത സഹോദരൻ ഖാലിദ് വാണിയെ സുരക്ഷാ ഉദ്യോഗസ്ഥൻ മർദ്ദിച്ചതിനെത്തുടർന്നാണ് ബുർഹൻ വാണി ഹിസ്ബുൾ മുജാഹിദീനിൽ ചേരുന്നത്. വിമതരോട് ആഭിമുഖ്യം ഉള്ളയാളായിരുന്നു ഖാലിദ് വാണിയും. കശ്മീർ ഇന്ത്യയുടെ അധീനതയിൽ വെയ്ക്കുന്നതിനെ ബുർഹൻ വാണി ശക്തമായി എതിർത്തിരുന്നു. ഹിസ്ബുൾ മുജാഹിദീന്റെ പല പോസ്റ്ററുകളിലും ബുർഹൻ വാണി പ്രത്യക്ഷപ്പെട്ടിരുന്നു. യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാൻ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ഈ ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ബുർഹന്റെ താരമൂല്യം ഉപയോഗിച്ച് 100 ഓളം കശ്മീരി യുവാക്കളെ ഹിസ്ബുൾ മുജാഹിദീൻ റിക്രൂട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications