'ആം ആദ്മി പരിപാടിക്കിടെ ബിജെപിയുടെ കല്ലേറ്, കുട്ടിയ്ക്ക് പരിക്ക്'; ആരോപണവുമായി ഇറ്റാലിയ
ദില്ലി: ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ബി ജെ പി നടത്തിയ കല്ലേറിൽ കുട്ടിക്ക് പരിക്കേറ്റെന്ന ആരോപണവുമായി ആം ആദ്മി. സൂറത്തിൽ നടന്ന പരിപാടിയ്ക്കിടെയാണ് ബി ജെ പി ഗുണ്ടകൾ കല്ലെറിഞ്ഞതെന്നും പരാജയ ഭീതിയിലാണ് ബി ജെ പിയെന്നും ആം ആദ്മി കൺവീനർ ഗോപാൽ ഇറ്റാലിയ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

സൂറത്തിലെ കടർഗ്രാം മണ്ഡലം കൈവിട്ട് പോകുമെന്ന ഭയത്തിൽ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേരെ ബി ജെ പി ഗുണ്ടകൾ കല്ലെറിഞ്ഞു. കല്ലേറിൽ ഒരു ചെറിയ കുട്ടിക്ക് പരിക്കേറ്റു', ഇറ്റാലിയ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 27 വർഷത്തിനിടയിൽ മണ്ഡലത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ബി ജെ പിക്ക് ഇത്തരത്തിൽ ആം ആദ്മിയുടെ യോഗത്തിന് നേരെ കല്ലെറിയേണ്ടി വരുമായിരുന്നില്ലെന്നും ഇറ്റാലിയ പറഞ്ഞു. ബി ജെ പിയുടെ കല്ലേറിനെ 'ചൂല്' കൊണ്ട് ആം ആദ്മി നേരിടുമെന്നും ഗോപാൽ ഇറ്റാലിയ ട്വിറ്ററിൽ കുറിച്ചു.
ആം ആദ്മിയുടെ കടന്ന് വരവോടെ ഗുജറാത്തിൽ മത്സരം കടുത്തിരിക്കുകയാണ്. ദില്ലിക്ക് പുറത്ത് പഞ്ചാബ് നേടാൻ ആയതിന്റെ ആത്മവിശ്വാസത്തിൽ ഗുജറാത്തിൽ സകല തന്ത്രങ്ങളും പുറത്തെടുത്ത് തീവ്ര പ്രചരണമാണ് ആം ആദ്മി നടത്തുന്നത്. ഇത്തവണ ഗുജറാത്തിൽ അട്ടിമറി ഉണ്ടാകുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്. ദില്ലിയിലും പഞ്ചാബിനും സമാനമായി വമ്പൻ വാഗ്ദാനങ്ങളാണ് ആം ആദ്മി നടത്തുന്നത്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയത് പോലെ തന്നെ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്തിയത്. ഗുജറാത്തിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ ഇസുദൻ ഗദ്വിയാണ് ആപ്പിൻറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.












Click it and Unblock the Notifications