സുനന്ദയേയും തരൂരിനേയും തെറ്റിച്ച 'കാറ്റി', കാതറീന്‍ എന്ന് സുബ്രഹ്മണ്യം സ്വാമി
ദില്ലി: ശശി തരൂര്‍-സുനന്ദ പുഷ്‌കര്‍ ബന്ധം ഉലയാനിടയാക്കിയ വ്യക്തിയെന്ന് സഹായി നാരായണ്‍ സിങ് മൊഴി നല്‍കിയ 'കാറ്റി' ആരെന്ന ചോദ്യത്തിന് ഒടുവില്‍ സുബ്രഹ്മണ്യം സ്വാമി ഉത്തരം പറയുന്നു. കാറ്റി എന്നാല്‍ കാതറിന്‍ ആണത്രെ!!!
സ്വാമി ഇക്കാര്യം ട്വീറ്റ് ചെയ്തതോടെ എല്ലാവരും കാതറീന് പിറകെ ആയി. ആരാണ് കാതറീന്‍ എന്ന ചോദ്യവുമായി മാധ്യമങ്ങള്‍ നെട്ടോട്ടമായി. ഒടുവില്‍ അത് കാതറീന്‍ എബ്രഹാം ആണെന്ന് ചിലര്‍ കണ്ട് പിടിച്ചു.

ട്വിറ്ററില്‍ തിരഞ്ഞാല്‍ ഒരു കാതറീന്‍ എബ്രഹാമിനെ കണ്ടെത്താനാകുന്നുണ്ടെന്നാണ് പൊതു സംസാരം. ഇവരെ തരൂര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നും ഉണ്ടത്രെ. സംശയിക്കാന്‍ പാകത്തിലുള്ള ചില വിവരണങ്ങളും യുഎന്‍ ബന്ധങ്ങളും ചിലര്‍ കണ്ടെത്തുന്നുണ്ട്.
എന്നാല്‍ ഈ കാതറീന്‍ ആണോ തരൂരും സുനന്ദയും വഴക്ക് കൂടാന്‍ കാരണക്കാരിയായ 'കാറ്റി' എന്ന് ഉറപ്പിച്ച് പറയാന്‍ ആരുടെ കയ്യിലും ഒരു തെളിവും ഇല്ല. സഹായി നാരായണ്‍ സിങിന്റെ മൊഴി പ്രകാരം, സുനന്ദയും ശശി തരൂരും തമ്മില്‍ അയാള്‍ക്ക് മുന്നില്‍ വച്ചുണ്ടായ വലിയ വഴക്കിന് കാരണക്കാരി 'കാറ്റി'യാണ് എന്ന് മാത്രമാണ് പുറം ലോകത്തെത്ത് മാധ്യമങ്ങളിലൂടെ എത്തിയ വാര്‍ത്ത.
സുനന്ദ പുഷ്‌കറിന്റെ കൊലപാതകത്തില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ദില്ലി പോലീസ് പറയുന്നത്. നാരായണ്‍ സിങിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 'കാറ്റി'യേയും ചോദ്യം ചെയ്‌തേക്കും. അപ്പോള്‍ മാത്രമേ യഥാര്‍ത്ഥ കാറ്റി ആരെന്ന് അറിയാന്‍ പറ്റൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.












Click it and Unblock the Notifications