ജഡ്‌ജി നിയമനത്തിൽ സർക്കാർ ഇടപെടലുണ്ടായി; തീരുമാനം മാറ്റിയെന്ന് വെളിപ്പെടുത്തി സുപ്രീം കോടതി കൊളീജിയം
ന്യൂഡൽഹി: ജഡ്‌ജിയുടെ സ്ഥലംമാറ്റം സംബന്ധിച്ച ശുപാർശയിൽ മാറ്റം വരുത്തിയതായി വെളിപ്പെടുത്തി സുപ്രീം കോടതി കൊളീജിയം. സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ മാറ്റം വരുത്തിയതെന്നാണ് കൊളീജിയം അറിയിച്ചത്. ചീഫ് ജസ്‌റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള കൊളീജിയം പുറത്തുവിട്ട ഈ വിവരം അസാധാരണമായ ഒന്നായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് സർക്കാർ ഇടപെടൽ എടുത്തുപറയുന്നത്.
മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായ ജസ്‌റ്റിസ് അതുൽ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ഓഗസ്‌റ്റ് 25-ന് കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. എന്നാൽ, സർക്കാർ പുനഃപരിശോധന ആവശ്യപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഇപ്പോൾ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്.

ഒക്ടോബർ 14ന് ചേർന്ന സുപ്രീം കോടതി കൊളീജിയം യോഗത്തിലാണ് ഈ തീരുമാനം. 'സർക്കാർ ആവശ്യപ്പെട്ട പുനഃപരിശോധനയുടെ അടിസ്ഥാനത്തിൽ, മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് അതുൽ ശ്രീധരനെ ഛത്തീസ്ഗഢ് ഹൈക്കോടതിക്ക് പകരം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്യാൻ തീരുമാനിച്ചു'എന്നാണ് കൊളീജിയം പ്രസ്‌താവനയിൽ വ്യക്തമാക്കിയത്. ഇതാണ് ചർച്ചകൾക്ക് വഴിയൊരുക്കുന്നത്.
നേരത്തെയും കൊളീജിയം തങ്ങളുടെ തീരുമാനങ്ങളിൽ പുനഃപരിശോധന നടത്തിയിട്ടുണ്ടെങ്കിലും, സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഈ നടപടിയെന്ന് ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നത് അസാധാരണമാണ്. ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നെങ്കിൽ ജസ്‌റ്റിസ് ശ്രീധരൻ അവിടെ രണ്ടാമത്തെ സീനിയർ ജഡ്‌ജിയാകുമായിരുന്നു. എന്നാൽ, അലഹബാദ് ഹൈക്കോടതിയിൽ അദ്ദേഹത്തിന് ഏഴാം സ്ഥാനമായിരിക്കും.
2016-ൽ മധ്യപ്രദേശ് ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് ശ്രീധരൻ, അഭിഭാഷകനായി ഗോപാൽ സുബ്രഹ്മണ്യത്തിന്റെ കീഴിൽ അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ഇൻഡോറിലേക്ക് പ്രാക്റ്റീസ് മാറ്റി. പിന്നീട് ജമ്മു കശ്‌മീർ, ലഡാക്ക് ഹൈക്കോടതികളിലേക്ക് അദ്ദേഹത്തെ മാറ്റി. ഈ വർഷമാണ് അദ്ദേഹം മധ്യപ്രദേശിലേക്ക് തിരികെയെത്തിയത്.
ശ്രീനഗറിലെ ഔദ്യോഗിക കാലയളവിൽ ജസ്റ്റിസ് ശ്രീധരൻ പൊതു സുരക്ഷാ നിയമപ്രകാരമുള്ള പല തടങ്കൽ കേസുകളിലും ജുഡീഷ്യൽ പരിശോധന കർശനമാക്കുകയും നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്‌ത വ്യക്തിയാണ് ജസ്‌റ്റിസ് അതുൽ ശ്രീധരൻ. മധ്യപ്രദേശ് ഹൈക്കോടതിയിൽ, മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന മാധ്യമവാർത്തകളെ തുടർന്ന് സ്വമേധയാ കേസെടുത്ത് എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ ഉത്തരവിട്ട ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ സ്വന്തം സഹോദരിയെ (ഉങ്കി സമാജ് കി ബെഹെൻ കെ സരിയേ) ഉപയോഗിച്ച് ഇന്ത്യ ഒരു പാഠം പഠിപ്പിച്ചുവെന്നായിരുന്നു മന്ത്രി വിജയ് ഷാ പറഞ്ഞത്. ഇതിൽ കോടതിയിൽ നിന്ന് കടുത്ത എതിർപ്പ് മന്ത്രിക്ക് നേരിടേണ്ടി വന്നിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു കേണൽ സോഫിയ ഖുറേഷി.












Click it and Unblock the Notifications