ബില്‍ക്കീസ് ബാനുവിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി; കുറ്റവാളികള്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: ഗുജറാത്തില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത് ചോദ്യം ചെയ്തായിരുന്നു ബില്‍ക്കീസിന്റെ ഹര്‍ജി. ഇതോടെ 11 പ്രതികള്‍ക്കും ആശ്വാസമായി. പ്രതികള്‍ കഴിഞ്ഞ മെയ് മാസത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഇക്കാര്യം പരിശോധിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഉത്തരവിറക്കുകയാണ് സുപ്രീംകോടതി അന്ന് ചെയ്തത്. തുടര്‍ന്ന് ഗുജറാത്ത് സര്‍ക്കാര്‍ 11 കുറ്റവാളികളെയും മോചിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ മെയ് മാസത്തിലെ ഉത്തരവ് പുനഃപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ബില്‍ക്കീസ് ബാനു അപ്പീല്‍ നല്‍കിയിരുന്നത്. ഈ ഹര്‍ജിയാണിപ്പോള്‍ കോടതി തള്ളയത്.

ഗുജറാത്തിലാണ് കേസിന്റെ വിചാരണ ആദ്യം നടന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് സുതാര്യമായ അന്വേഷണവും വിചാരണയും നടക്കാനിടയില്ലെന്ന ഹര്‍ജി പരിഗണിച്ച് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റി. 2008ലാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷത്തോളം വിവിധ ഘട്ടങ്ങളിലായി പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ പ്രതികള്‍ മോചനം തേടി സുപ്രീംകോടതിയിലെത്തി.
ഗുജറാത്ത് സര്‍ക്കാരിനോട് രണ്ടു മാസത്തിനികം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റ് 15ന് എല്ലാ പ്രതികളും മോചിതരായത്. ഇതിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തിയിരുന്നു. അതിലൊന്നാണ് കേസില്‍ ഇരയായ ബില്‍ക്കീസ് ബാനുവിന്റെ ഹര്‍ജിയും.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിന്റെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്തത്. അന്ന് 21 വസായിരുന്നു ബില്‍ക്കീസിന്. അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. ബില്‍ക്കീസിന്റെ കുടുംബത്തിലെ ഏഴ് പേരെ പ്രതികള്‍ കൊലപ്പെടുത്തി. ബില്‍ക്കീസിന്റെ മൂന്നര വയസുകാരി മകളെ തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബില്‍ക്കീസ് കൊല്ലപ്പെട്ടു എന്ന് കരുതിയാണ് പ്രതികള്‍ പോയത്. ബോധം വീണ്ടെടുത്ത ബില്‍ക്കീസ് പിന്നീട് അഭയാര്‍ഥി ക്യാപിലെത്തി. ശേഷമാണ് പ്രതികള്‍ക്കെതിരെ നിയമ പോരാട്ടം തുടങ്ങിയത്.
പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ബില്‍കീസ് ബാനു സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ രേഖകള്‍ കൈമാറിയില്ല. പ്രതികളെ വിട്ടയക്കാന്‍ കാരണം എന്താണ് എന്നറിയാനുള്ള അവകാശം തനിക്കുണ്ട് എന്നാണ് ബില്‍ക്കീസിന്റെ നിലപാട്. ആഗസ്റ്റ് 15ന് പുറത്തിറങ്ങുന്ന വേളയില്‍ പ്രതികള്‍ക്ക് ജയിലിന് പുറത്ത് വലിയ സ്വീകരണം നല്‍കിയിരുന്നു. ശേഷം വിഎച്ച്പിയുടെ ഓഫീസിലും സ്വീകരണം നല്‍കി. പ്രതികള്‍ ഉന്നത ജാതിക്കാരും മികച്ച സ്വഭാവത്തിന് ഉടമകളുമാണ് എന്ന ബിജെപി നേതാവിന്റെ പ്രസ്താവനയും വിവാദമായിരുന്നു.












Click it and Unblock the Notifications