ബില്‍ക്കീസ് ബാനു കേസില്‍ നിന്ന് ജസ്റ്റിസ് ബേല ത്രിവേദി പിന്മാറി; നടപടികള്‍ വൈകും
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. ജസ്റ്റിസ് അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇന്ന് കോടതിയില്‍ കേസ് എടുത്ത വേളയില്‍ ജസ്റ്റിസ് ബേല ത്രിവേദി പിന്മാറിയ കാര്യം ജസ്റ്റിസ് അജയ് രസ്‌തോഗി ബില്‍ക്കീസിന്റെ അഭിഭാഷകയെ അറിയിക്കുകയായിരുന്നു. ഇനി മറ്റൊരു ബെഞ്ച് മുമ്പാകെ ഹര്‍ജി ലിസ്റ്റ് ചെയ്യും. തുടര്‍ന്ന് ആ ബെഞ്ചാകും കേസ് പരിഗണിക്കുക.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുതിയ ബെഞ്ചില്‍ ഹര്‍ജി ലിസ്റ്റ് ചെയ്ത ശേഷമാകും തുടര്‍ നടപടികള്‍. ശൈത്യകാല അവധിക്ക് മുമ്പ് തന്നെ പരിഗണിക്കാന്‍ നടപടി വേണമെന്ന് ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷക സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞാല്‍ കോടതി അവധിയാകും. ജസ്റ്റിസ് ത്രിവേദി ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാനുണ്ടായ സാഹചര്യം എന്താണ് എന്ന് വ്യക്തമല്ല. നേരത്തെ ഗുജറാത്ത് സര്‍ക്കാരില്‍ നിയമ സെക്രട്ടറിയായിരുന്നു ത്രിവേദി. 2004 മുതല്‍ 2006 വരെയാണ് നിയമ സെക്രട്ടറിയയിരുന്നത്. ഇതായിരിക്കാം പിന്മാറ്റത്തിന് കാരണം എന്ന് പറയപ്പെടുന്നു.
2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിനെ കലാപകാരികള്‍ കൂട്ട ബലാല്‍സംഗം ചെയ്തത്. അവരുടെ അഞ്ച് വയസുകാരി മകളെ തല നിലത്തടിച്ച് കൊന്ന അക്രമികള്‍ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തി. കൂട്ട ബലാല്‍സംഗത്തെ തുടര്‍ന്ന് ബോധരഹിതയായ ബില്‍ക്കീസ് ബോധം വീണ്ടെടുത്ത വേളയില്‍ അഭയാര്‍ഥി ക്യാപിലെത്തുകയായിരുന്നു. പിന്നീടാണ് നിയമ പോരാട്ടം തുടങ്ങിയത്. 11 പ്രതികളെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം തേടി പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിച്ച സമിതി പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രതികള്‍ എല്ലാവരും പുറത്തിറങ്ങി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. അതിനിടെയാണ് ബില്‍ക്കീസ് ബാനു തന്നെ ഹര്‍ജിയുമായി കോടതിയിലെത്തിയത്.












Click it and Unblock the Notifications