മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി
ദില്ലി: ഇന്ത്യന്‍ പള്ളികളിലെ മുസ്ലീം സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി . പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി.
ജെജെപിയെ ഇനി സമീപിക്കില്ല... ഹൂഡയുടെ നിലപാട് ഇങ്ങനെ, പിന്തുണ അവര്‍ക്ക് മാത്രമെന്ന് ദുഷ്യന്ത്
മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാഡെ എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയത്. സ്ത്രീകളെ പള്ളികളില്‍ കയറാനും പ്രാര്‍ത്ഥിക്കാനും അനുവദിക്കാത്തത് ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കും സാമൂഹിക സുരക്ഷയിലേക്കുമുള്ള കടന്നു കയറ്റമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡ് പോലുള്ള മുസ്ലീം സംഘടനകള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കരുതെന്ന് ഖുറാനില്‍ പറഞ്ഞിട്ടില്ല. പ്രവേശന വിലക്ക് മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്ലാം മതം സ്ത്രീകള്‍ക്കും പുരുഷനും തുല്യ അവകാശമാണ് നല്‍കുന്നത്. സ്ത്രീകള്‍ പള്ളികളില്‍ ആരാധന നടത്തരുതെന്ന് ഖുറാനോ മുഹമ്മദ് നബിയോ പറയുന്നില്ലയെന്നും ഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ ജമാഅത്ത് പള്ളികള്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മക്കയില്‍ പോലും സ്ത്രീയും പുരുഷനും ഒരുമിച്ചാണ് കഅ്ബ നിര്‍വഹിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരാണ് ഹര്‍ജിയിലെ ഒന്നാം എതിര്‍ കക്ഷി. കേന്ദ്ര വഖഫ് കൗണ്‍സില്‍ ഉള്‍പ്പെടെ ആറ് കക്ഷികള്‍ ഹര്‍ജിയെ എതിര്‍ത്ത് രംഗത്തുണ്ട്.