'30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആളുകള്‍ മരിച്ച് വീണു'; വെളിപ്പെടുത്തി ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തിലെ ദാരുണമായ സംഭവങ്ങള്‍ വിവരിച്ച അപകടത്തില്‍ രക്ഷപ്പെട്ടവര്‍. തങ്ങളുടെ മുന്നില്‍ പലരും മരിച്ചുവീഴുകയായിരുന്നുവന്ന് ഇവര്‍ പറയുന്നു. ഇതൊരു ദുസ്വപ്‌നം പോലെ എന്നും മനസ്സിലുണ്ടാവുമെന്നാണ് ഇവര്‍ പറയുന്നത്. ട്രെയിനുകളിലെ റിസര്‍വേഷനില്ലാത്ത കംപാര്‍ട്ട്‌മെന്റുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു.
തമിഴ്‌നാട്ടിലേക്കും, കേരളത്തിലേക്കുമുള്ള തൊഴിലാളികളായിരുന്നു ഇവര്‍ ഭൂരിഭാഗവും. ഈ തിരക്ക് കാരണം മരണസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. അപകടം സംഭവിച്ച ട്രെയിനിലുണ്ടായിരുന്ന നാഗേന്ദ്രന്‍ എന്നയാള്‍ ഇതേ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഭയമാണ്.

നാഗേന്ദ്രന്‍ കൊല്‍ക്കത്തയിലാണ് ജോലി ചെയ്യുന്നത്. രാമനാഥപുരം നിവാസിയാണ് അദ്ദേഹം. അപകടത്തിന് ശേഷം രക്ഷപ്പെട്ട നാഗേന്ദ്രന്‍ ഇന്ന് ഉച്ചയോടെയാണ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. 'അപകടം നടന്ന ആ നിമിഷം താന്‍ മരിച്ചുപോയെന്നാണ് കരുതിയത്. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് കോറമണ്ഡല്‍ എക്‌സ്പ്രസിലാണ് ഞാന്‍ യാത്ര ചെയ്തത്.ബാലസോറിന് അടുത്ത് വെച്ചാണ് അപകടം നടന്നതെന്നും' നാഗേന്ദ്രന്‍ പറഞ്ഞു.
'മുന്നില്‍ ഗുഡ്‌സ് ട്രെയിന്‍ കണ്ട കോറമണ്ഡല്‍ എക്‌സ്പ്രസ്സിലെ ഡ്രൈവര്‍ ശക്തമായി ബ്രേക്ക് ചവിട്ടി നിര്‍ത്തിയത് കൊണ്ട് നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടതെന്നും നാഗേന്ദ്രന്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ മരണസംഖ്യ ഇനിയും വര്‍ധിക്കുമായിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു.
' അപകടം നടക്കുമ്പോള്‍ ബി1 കംപാര്‍ട്ട്‌മെന്റിലായിരുന്നു ഞാന്‍. ഭാഗ്യവശാല്‍ ബി1 മുതല്‍ ബി4 വരെയുള്ള കംപാര്‍ട്ട്‌മെന്റുകള്‍ക്കൊന്നും സംഭവിച്ചിട്ടില്ല.ബി5 കോച്ച് പാളം തെറ്റി തെറിച്ച് പോയി. വളണ്ടിയര്‍മാരാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. ഇവരാണ് സഹായിച്ചത്. മുഴുവന്‍ ഇരുട്ട് മൂടിയ സമയമായിരുന്നു. രാത്രിയായത് കൊണ്ട് ഒന്നും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കും ഒന്നും കൃത്യമായി കാണാന്‍ സാധിച്ചില്ല. ഞങ്ങളെല്ലാം എസി കോച്ചുകളിലായിരുന്നു. ഇത്രയും പേര്‍ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല. ഭാഗ്യവശാല്‍ ഞങ്ങള്‍ രക്ഷപ്പെട്ടുവെന്നും' നാഗേന്ദ്രന്‍ പറഞ്ഞു.
അപകടത്തില്‍ രക്ഷപ്പെട്ട മറ്റൊരു വനിതാ യാത്രക്കാരിയും ചെന്നൈ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ഇവരും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തിയത്. 'ഇടിയുടെ ആഘാതത്തില്‍ ലൈറ്റുകള്‍ എല്ലാം അണഞ്ഞു പോയി. ട്രെയിന്‍ പാളം തെറ്റിയെന്നാണ് കരുതിയത്. പുക ഉയരുന്നുണ്ടായിരുന്നു'.
'എത്ര ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടുവെന്നും അറിയില്ലായിരുന്നു. പക്ഷേ ഞങ്ങളാകെ ഭയന്നിരിക്കുകയായിരുന്നു. കംപാര്‍ട്ട്‌മെന്റിന്റെ ഉള്ളിലായിരുന്ന യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. ചിലര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ പ്രായമായവരെ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് മാറ്റിയെന്നും' ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications