സെന്തില്‍ ബാലാജിയെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍
ചെന്നൈ: സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ തീരുമാനം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മരവിപ്പിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായൊരു തീരുമാനത്തില്‍ രാഷ്ട്രീയ പ്രത്യാഘാത ഉറപ്പായ സാഹചര്യത്തിലാണ് ഗവര്‍ണര്‍ പിന്നോക്കം പോവുന്നത്. ഡിഎംകെ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കുന്നതായിരുന്നു ഈ തീരുമാനം.
അഴിമതി കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നതിനാല്‍ മന്ത്രിയെ പുറത്താക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പ്രഖ്യാപനം. വകുപ്പുകള്‍ ഒന്നുമില്ലാതെ മന്ത്രിസഭയില്‍ അദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു സ്റ്റാലിന്‍. എന്നാല്‍ മുഖ്യമന്ത്രിയോട് പോലും ചോദിക്കാതെയായിരുന്നു ഗവര്‍ണര്‍ ബാലാജി മന്ത്രിസഭയില്‍ നിന്ന് നീക്കിയത്.

നിലവില്‍ സെന്തില്‍ ബാലാജിയെ നീക്കാനുള്ള തീരുമാനം ഗവര്‍ണര്‍ മരവിപ്പിച്ചിരിക്കുകയാണ്. അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അതുകൊണ്ട് ബാലാജി ഇപ്പോഴും മന്ത്രിസഭയുടെ ഭാഗമാണെന്ന് എന്‍ഡിടിവി ഗവര്‍ണറുടെ ഓഫീസിലെ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറുടെ തീരുമാനത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നിയമപരമായി ഡിഎംകെയ്ക്ക് നേട്ടമാകും. ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചെന്ന പരാമര്‍ശം കോടതിയില്‍ നിന്നുണ്ടായാല്‍ അത് വലിയ തിരിച്ചടിയാവുകയും ചെയ്യും. ഈ സാഹചര്യമെല്ലാം പരിഗണിച്ചാല്‍ തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്.
അതേസമയം ഗവര്‍ണര്‍ തീരുമാനം മരവിപ്പിച്ച സാഹചര്യത്തില്‍ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. ഈ പദവിയില്‍ ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചായിരുന്നു ഗവര്‍ണര്‍ അസാധാരണമായ നടപടിയെടുത്തത്. ബാലാജിയെ പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു.
ഇതോടെ ഗവര്‍ണര്‍-മുഖ്യമന്ത്രി പോരാട്ടത്തിന് തമിഴ്‌നാട് സാക്ഷ്യം വഹിക്കുമെന്നായിരുന്നു കരുതിയത്. മുതിര്‍ന്ന ഡിഎംകെ നേതാക്കളെയും സ്റ്റാലിന്‍ കണ്ടിരുന്നു. ഭരണഘടനയെ കുഴിച്ച് മൂടാനുള്ള ശ്രമം ഭയാനകെ എന്നായിരുന്നു സ്റ്റാലിന്‍ പ്രതികരിച്ചത്.ഗവര്‍ണര്‍ക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരമില്ലെന്ന് ഡിഎംകെ നേതാവ് എ ശരവണന്‍ പറഞ്ഞു. ഭരണഘടനയെ തന്നെ അട്ടിമറിക്കാനാണ് ഗവര്‍ണറുടെ ശ്രമം.
ഗവര്‍ണറുടെ തീരുമാനത്തിന് കടലാസിന്റെ വില പോലുമില്ല. ഗവര്‍ണര്‍ ആരാണെന്നാണ് കരുതുന്നത്. സനാതന്‍ ധര്‍മത്തെയാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്. ഈ നാട്ടിലെ നിയമം അത് പ്രകാരമല്ല നടപ്പാക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനയാണ് ബൈബിളും, ഗീതയും, ഖുറാനും. കേന്ദ്രത്തിന്റെ പാവയെ പോലെ അദ്ദേഹം പ്രവര്‍ത്തിക്കുകയാണെന്നും ശരവണന്‍ ആരോപിച്ചു.












Click it and Unblock the Notifications