തമിഴ്നാട്ടിൽ മൂന്ന് മണിക്കൂർ കൂടി കനത്ത മഴ തുടരും; പലയിടത്തും വെള്ളക്കെട്ടുകൾ; ജാഗ്രതനിർദ്ദേശം
ചെന്നൈ: തമിഴ്നാട്ടിൽ പലയിടത്തും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വെള്ളക്കെട്ടുകൾ രൂപപ്പെട്ട പശ്ചാത്തലത്തിൽ അപകട സാധ്യത കണക്കിലെടുത്ത് ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം നിർദ്ദേശം നൽകി. മൂന്നു മണിക്കൂർ കൂടി കനത്തമഴ തുടരുമെന്നാണ് വിവരം. കടലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Recommended Video

കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ 16 ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈയിലെ 11 സബ് വേകൾ അടച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യത്തെ തുടർന്ന് ട്രെയിൻ, വിമാന സർവീസുകൾ വൈകി. തിരദേശ ജില്ലകളിൽ വ്യാപകമായി കൃഷി നാശമുണ്ടായി. കടലൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു മണിക്കൂർ കൂടി കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഇരുചക്ര വാഹന യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദം തീവ്ര ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. പുതുച്ചേരിക്ക് സമീപം കര തൊടാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്.
ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ആന്ധ്രയുടെ തീരമേഖലയിൽ ശക്തമായ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. മുൻകരുതൽ നടപടികൾ പൂർത്തിയാക്കിയതായും ദുരിതാശ്വാസക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേന രംഗത്തുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അപായ സന്ദേശം നൽകാൻ 434 'സൈറൺ ടവറുകൾ' സ്ഥാപിച്ചു. മൊബൈൽ ഫോൺ സിഗ്നൽ ഉറപ്പാക്കാൻ വാഹനങ്ങളിൽ 50 ഫോൺ ടവറുകളും തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. മുന്നൂറോളം വീടുകൾ തകർന്നിട്ടുണ്ട്. കൃഷിനാശവും രൂക്ഷമാണ്. തേനി വൈഗ അണക്കെട്ട് തുറന്നു. റെയിൽ, മെട്രോ സേവനങ്ങൾ ഇന്നലെ തടസ്സപ്പെട്ടിട്ടില്ല.

അതിനിടെ, കേരളത്തിലും പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്. കോട്ടയം കണമലയിൽ ഉരുൾപൊട്ടലും കൊല്ലം കുളത്തൂപ്പുഴയിൽ മലവെള്ളപ്പാച്ചിലുമായി. കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നു. ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.
കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിൽവില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ളപാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മഴ തുടരാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും ജില്ലാ ഭരണകൂടവും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
'കാത്തിരിപ്പിലാണ് ഞങ്ങള്‍'; പുതിയ സന്തോഷം പങ്കുവച്ച് കുടുംബ വിളക്ക് താരം ആതിര












Click it and Unblock the Notifications