ആശാറാമിനെ വിശുദ്ധനാക്കിയ പുസ്തകം പിന്‍വലിക്കും
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡിനത്തിന് വിധേയമാക്കിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെ വിശുദ്ധരുടെ ഗണത്തില്‍പെടുത്തി അച്ചടിച്ച പുസ്തകം പിന്‍വലിക്കും. സംഭവം ദേശീയ പ്രാധാന്യം നേടിയതോടെയാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ വകുപ്പ് പുസ്തകം പിന്‍വലിച്ച് വിവാദത്തില്‍ നിന്നും തലയൂരാന്‍ ശ്രമിക്കുന്നത്.
രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്‍മാര്‍ഗ വിദ്യാഭ്യാസവും പൊതുവിജ്ഞാനവും എന്ന പുസ്തകത്തിലാണ് ആശാറാമിനെ വിശുദ്ധനാക്കിയത്. സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീരാമകൃഷ്ണ പരമഹംസര്‍ എന്നിവര്‍ക്കൊപ്പമാണ് ആശാറാമിനെയും ചേര്‍ത്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പുസ്തകം പ്രസിദ്ധീകരിച്ച കാലത്ത് ആശാറാമിനെതിരെ കേസുകള്‍ ഇല്ലായിരുന്നുവെന്നാണ് പുസ്തകം പുറത്തിറക്കിയ ദില്ലിയിലെ ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്‌സ് പറയുന്നത്. എന്നാല്‍ കേസുകള്‍ ഇല്ലെങ്കിലും ആശാറാമിനെ പോലെ ഒരു ആള്‍ദൈവത്തെ എന്ത് അടിസ്ഥാനത്തിലാണ് പ്രഗല്‍ഭരായവര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയത് എന്ന ചോദ്യത്തിന് പ്രസാധകര്‍ മറുപടി പറഞ്ഞിട്ടില്ല.
വിവാദമുണ്ടായ സാഹചര്യത്തില്‍ പുസ്തകം പിന്‍വലിക്കുകയാണെന്ന് ഗുരുകുല്‍ എജ്യുക്കേഷന്‍ ബുക്‌സ് അറിയിച്ചു. തെറ്റുകള്‍ തിരുത്തി പുസ്തകം പുനപ്രസിദ്ധീകരിക്കുന്നതില്‍ ബുദ്ധമുട്ടില്ലെന്നും അവര്‍ അറിയിച്ചു. വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നാണ് ജോധ്പൂര്‍ വിദ്യാഭ്യാസ ഓഫീസറുടെ നിലപാട്.












Click it and Unblock the Notifications