'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം; പ്രശ്ന പരിഹാരത്തിന് കേന്ദ്രം ശ്രമം തുടരുകയാണ്; പ്രധാനമന്ത്രി
ഡൽഹി:രാജ്യത്തെ ജനങ്ങൾ മണിപ്പൂരിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിലൂടെ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

'മണിപ്പൂരിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു, അമ്മമാരും പെൺമക്കളും അപമാനിതരായി. രാജ്യം മണിപ്പൂരിനൊപ്പം ഉണ്ട്, സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. സംസ്ഥാന സർക്കാരും കേന്ദ്രവും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണ്', പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രകൃതിക്ഷോഭങ്ങളെ തുടർന്നുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചിച്ചു. 'പ്രകൃതി ദുരന്തം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സങ്കൽപ്പിക്കാനാവാത്ത പ്രതിസന്ധികൾ സൃഷ്ടിച്ചതെന്നും ദുരിതം അനുഭവിച്ച കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തി. ജനസംഖ്യയും ജനാധിപത്യവും വൈവിധ്യവും നമ്മുക്കുണ്ട്. രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇതിലൂടെ നമ്മുക്ക് സാധിക്കും.'കഴിഞ്ഞ ആയിരം വർഷങ്ങളെ കുറിച്ചാണ് ഞാൻ പറയുന്നത്. നമ്മുക്ക് മുന്നിൽ ഇനിയും അവസരങ്ങൾ ഉണ്ട്.ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന കാര്യങ്ങളും സ്വീകരിക്കുന്ന നടപടികളും തീരുമാനങ്ങളും വരുന്ന 1000 വർഷങ്ങളിൽ രാജ്യത്തിന്റെ സുവർണ്ണ ചരിത്രത്തിന് തുടക്കമിടും.
രാജ്യത്തെ സംബന്ധിച്ച് അവസരങ്ങൾക്ക് ക്ഷാമമില്ല. രാജ്യത്തിന് അനന്തമായ അവസരങ്ങൾ നൽകാനുള്ള കഴിവുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം, ഒരു പുതിയ ലോകക്രമം, ഒരു പുതിയ ജിയോ-പൊളിറ്റിക്കൽ സമവാക്യം രൂപപ്പെടുകയാണ്
'കോവിഡ് മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം, ഒരു പുതിയ ജിയോ-പൊളിറ്റിക്കൽ സമവാക്യം രൂപപ്പെടുകയാണ്. ജിയോപൊളിറ്റിക്സിന്റെ നിർവചനം മാറുകയാണ്. ഇന്ന്, പുതിയ ലോകക്രമം രൂപപ്പെടുത്തുന്നതിൽ 140 കോടി ഇന്ത്യൻ ജനതയുടെ കഴിവുകൾ കാണാനാകും. രാജ്യത്തുന്റെ കഴിവുകളും വിശ്വാസങ്ങളുമെല്ലാം മറ്റ് പല ഉയരങ്ങളും കീഴടക്കുമെന്നത് തീർച്ചയാണ്.
ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ഇന്ന് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം, ജി 20 യുടെ നിരവധി പരിപാടികൾ നടന്നു. ഇന്ത്യയുടെ കഴിവുകളെ കുറിച്ചും വൈവിധ്യത്തെ കുറിച്ചുമെല്ലാം ലോകത്തിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇവയെല്ലാം.പരിഷ്‌കരണവും പ്രകടനവും പരിവർത്തനവും രാജ്യത്തെ മാറ്റും.
2014 ൽ ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് 149 കോടി ജനങ്ങളുടെ പ്രയത്നം കൊണ്ട് ഞങ്ങൾ അഞ്ചാം സ്ഥാനം കൈവരിച്ചു. വെറുതെ സംഭവിച്ചതല്ല ഇത്. രാജ്യത്തെ പിടിമുറുക്കിയ അഴിമതിയെ തടഞ്ഞ് കൊണ്ടാണ് സമ്പദ് വ്യവസ്ഥ ശക്തമാക്കിയത്.
ലോകം ഇതുവരെ കൊറോണയിൽ നിന്ന് കരകയറിയിട്ടില്ല. ഇപ്പോൾ മറ്റൊരു പ്രതിസന്ധിയും ഉടലെടുത്തിരിക്കുകയാണ്. പണപ്പെരുപ്പം ആഗോള സമ്പദ് വ്യവസ്ഥയെ അതിന്റെ പിടിയിലാക്കിയിരിക്കുകയാണ്. നമ്മുടെ അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ പണപ്പെരുപ്പവും ഇറക്കുമതി ചെയ്യുന്നു എന്നത് ഖേദകരമാണ്. പക്ഷേ, പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തി. എന്റെ രാജ്യത്തെ ജനങ്ങൾ പണപ്പെരുപ്പത്തിന്റെ പ്രതിസന്ധി അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഞങ്ങൾ ആ നടപടികൾ സ്വീകരിക്കും, എന്റെ ശ്രമങ്ങൾ തുടരും', പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications