32000 മലയാളി പെണ്‍കുട്ടികള്‍ ഐഎസിലെത്തിയെന്ന് കേരള സ്റ്റോറി ടീസര്‍, 100 ഉള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍, വിവാദം
മുംബൈ: സുദീപ്തോ സെന്‍ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' എന്ന സിനിമയുടെ ടീസര്‍ വിവാദത്തില്‍. കേരളത്തില്‍ നിന്ന് 32000 പെണ്‍കുട്ടികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞുള്ള ടീസറാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. കേരളത്തെ മനപൂര്‍വം ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് എന്നാണ് ടീസറിനെതിരെ ഉയരുന്ന വിമര്‍ശനം.
ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ 32000 എന്ന കണക്കിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് 100 പേരോ മറ്റോ പോയി കാണും എന്നും എന്നാല്‍ 32000 എന്ന കണക്ക് പച്ചക്കള്ളമാണ് എന്നുമാണ് രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള അതിശയോക്തി മനസിലാകും എന്നും രാഹുല്‍ പറയുന്നു.

Image Credt: Kerala Story Teaser/screengrab
പെണ്‍കുട്ടികളെ ഐ എസ് തീവ്രവാദികളാക്കുന്ന അപകടകരമായ കളി കേരളത്തില്‍ നടക്കുന്നു എന്നാണ് കേരള സ്റ്റോറി ടീസര്‍ അവകാശപ്പെടുന്നത്. കേരളത്തില്‍ നിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Image Credt: Kerala Story Teaser/screengrab
അദാ ശര്‍മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അദാ ശര്‍മ്മ അവതരിപ്പിക്കുന്നത്. നഴ്‌സ് ആകാന്‍ സേവനം ആഗ്രഹിച്ച ശാലിനി തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭത്തില്‍പ്പെടുന്നു എന്നാണ് ടീസറില്‍ പറയുന്നത്. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറി എന്നും ടീസറില്‍ പറയുന്നു.

താന്‍ ഐ എസ് തീവ്രവാദിയായി അഫ്ഗാനിസ്ഥാനില്‍ ജയിലില്‍ കഴിയുന്നു എന്നാണ് ടീസറില്‍ അദാ ശര്‍മ്മയുടെ കഥാപാത്രം പറയുന്നത്. ഇതിനകം നിരവധി പേര്‍ ടീസര്‍ കണ്ടിട്ടുണ്ട്. സംവിധായകന്‍ സുദീപ്തോ സെന്‍ ചിത്രത്തിന്റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഈ പെണ്‍കുട്ടികളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു എന്നാണ് അവകാശപ്പെടുന്നത്.

സിനിമ അടുത്ത വര്‍ഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അതേസമയം ടീസറിനെ സ്വാഗതം ചെയ്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കോളമിസ്റ്റ് താരേക് ഫത്തേഹ് ടീസറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. റിതു റാത്തോര്‍, സീനത്ത് ദര്‍ എന്നിവരും താരേക് ഫത്തേഹിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഇതാണ് കേരളത്തില്‍ നടക്കുന്നത് എന്ന കുറിപ്പോടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ രാജഭരണത്തില്‍ നിന്നും വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ മികച്ച പുരോഗതി കൈവരിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നും 32000 എന്ന കണക്ക് വലിയ നുണയാണ് എന്നുമാണ് ഇതിന് മറുപടിയെന്നോണം രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. നൂറോളം പേര്‍ ഐ എസില്‍ ചേരുന്നത് ഞങ്ങള്‍ അഭിമുഖീകരിക്കുന്ന വളരെ ഗുരുതരമായ പ്രശ്നമാണ്.

തീര്‍ച്ചയായും ഇത് എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാല്‍ 32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍ നിന്ന് ഐ എസിലേക്ക് പോയിട്ടുണ്ട് എന്ന് പറയുന്നത് ഒരു അതിശയോക്തിയാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇത് ശരിയായ നടപടിയല്ല എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications