മുത്തൂറ്റ് ഫിനാൻസിൽ വൻ കവർച്ച: ജീവനക്കാരെ തോക്കിൻ മുനയിലാക്കി ഏഴ് കോടിയുടെ സ്വർണ്ണം കവർന്നു
ചെന്നൈ: തമിഴ്നാട്ടിൽ മുത്തൂറ്റ് ഫിനാൻസ് ആയുധധാരികൾ കൊള്ളയടിച്ചു. മൂത്തൂറ്റ് ഫിനാൻസിന്റെ കൃഷ്ണഗിരി ഹൌസൂരിലുള്ള ശാഖയിൽ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് മാനേജരെ ഉൾപ്പെടെ ബന്ദിയാക്കിയ ശേഷം ഏഴ് കോടി രൂപ വിലവരുന്ന സ്വർണ്ണം കവർന്നത്. രാവിലെ പത്ത് മണിക്ക് മുത്തൂറ്റ് തുറന്നതിന് പിന്നാലെയാണ് കവർച്ച നടന്നത്.
ഏഴ് കോടിയുടെ സ്വർണ്ണത്തിന് പുറമേ 96000 രൂപയും മോഷണം പോയിട്ടുണ്ട്. ആറ് പേർ ഉൾപ്പെട്ട സംഘമാണ് കവർച്ചയ്ക്കെത്തിയത്. ഹോസൂർ- ബഗലൂർ റോഡിലാണ് കവർച്ച നടന്ന ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത്. സംഭവമറിഞ്ഞ് ഉടൻ തന്നെ ഹൊസൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതോടെ ജീവനക്കാരുടെ മൊഴി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി തമിഴ്നാട് പോലീസ് വ്യക്തമാക്കി. അതേ സമയം മോഷ്ടാക്കൾ കർണ്ണാടകത്തിലേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഇതോടെ ബെംഗളൂരുവിലേക്കും അയച്ചതായി കോയമ്പത്തൂർ വെസ്റ്റ് സോൺ ഐജി കെ പെരിയയ്യ വ്യക്തമാക്കി. രണ്ടാഴ്ച മുമ്പും ഇതേ ബ്രാഞ്ചിൽ കവർച്ചാ ശ്രമമുണ്ടായിരുന്നു. ഇതെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് മോഷണം നടക്കുന്നത്.












Click it and Unblock the Notifications