
'26/11 ഭീകരാക്രമണം പോലൊന്ന് ഉണ്ടാവും'; പാക് ഫോണ്‍ നമ്പറില്‍ നിന്ന് മുംബൈ പോലീസിന് സന്ദേശം
മുംബൈ: ഇന്ത്യയില്‍ മുംബൈ ഭീകരാക്രമണം പോലെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് മുംബൈ പോലീസിന് വാട്സാപ്പില്‍ ഭീഷണി സന്ദേശം. ഇന്നലെ രാത്രി മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 26/11 മുംബൈ ഭീകരാക്രമണം, ഉദയ്പുര്‍ കൊലപാതകം, സിദ്ധു മൂസാവാലയുടെ കൊലപാതകം തുടങ്ങിയവയിലേതെങ്കിലുമൊന്നിന് സമാനമായ ആക്രമണം നടക്കുമെന്നാണ് വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
തന്നെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ ലൊക്കേഷന്‍ ഇന്ത്യയ്ക്ക് പുറത്തായിരിക്കുമെന്നും പക്ഷേ ആക്രമണം മുംബൈയിലായിരുക്കുമെന്നും സന്ദേശത്തിലുണ്ട്. ഇന്ത്യയില്‍ ആറ് പേര്‍ ആക്രമണം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സന്ദേശവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതായി മുംബൈ പോലീസ് അറിയിച്ചു. സുരക്ഷാസേനകള്‍ അടക്കം എല്ലാ ഏജന്‍സികളെയും വിവരം അറിയിച്ചിട്ടുണ്ട്. സന്ദേശം ഗൗരവത്തിലെടുക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

മൂന്ന് എകെ 47 തോക്കുകളും വെടിക്കോപ്പുകളുമുള്ള ഒരു നൗക റായ്ഗഡ് തീരത്തേക്ക് നീങ്ങി ഹരിഹരേശ്വര്‍ ബീച്ചില്‍ കുടുങ്ങി സംസ്ഥാനം വലിയ സുരക്ഷാ ഭീതി നേരിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ഭീഷണികള്‍ വന്നത്.ഭീകരാക്രമണ സാധ്യത ഒഴിവാക്കിയെങ്കിലും എ.ടി.എസും റായ്ഗഡ് പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്.

2008 നവംബര്‍ 26 ന് ആരംഭിച്ച ഭീകരാക്രമണങ്ങളുടെ ഒരു പരമ്പരയാണ് 2008 മുംബൈ ആക്രമണം. അതില്‍ പാകിസ്ഥാന്‍ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയിലെ 10 അംഗങ്ങള്‍ നാല് ദിവസത്തിനിടെ മുംബൈയിലുടനീളം 12 ഇടങ്ങളില്‍ വെടിവയ്പ്പും ബോംബാക്രമണവും നടത്തി.

ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടു. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെ വധിച്ചു എന്നാണ് കണക്കുകള്‍ പറയുന്നത്.
Recommended Video

തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെയും , വിജയ് സലസ്‌കറും മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം 22 സൈനികരും ഏറ്റുമുട്ടലിൽ മരിച്ചിരുന്നു. വിദേശി സഞ്ചാരികളും കൂട്ടക്കൊലയിൽ മരിച്ചു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നവംബർ 26 - ന് തുടങ്ങിയ ഭീകരാക്രമണം 60 മണിക്കൂറുകൾ നീണ്ടു നിന്നു. 2008 നവംബർ 29 - ന് അക്രമിക്കപ്പെട്ട സ്ഥലങ്ങൾ സൈന്യം തിരിച്ചു പിടിക്കുന്നത് വരെ ആക്രമം നീണ്ടു. ഭീകരരിൽ അജ്മല്‍ കസബ് ഒഴികെ മറ്റ് ഒന്‍പത് പേരും സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു.