മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല; സര്‍ക്കാര്‍ രൂപീകരണ തിരുമാനം ഉടനെന്നും ഗഡ്ഗരി
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തിരുമാനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാന്‍ തനിക്ക് ഒരു പദ്ധതിയും ഇല്ല. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ തന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗഡ്ഗരി പറഞ്ഞു. വിഷയത്തില്‍ ആര്‍എസ്എസ് മധ്യസ്ഥത വഹിക്കുകയാണെന്ന വാര്‍ത്തയും ഗഡ്ഗരി തള്ളി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ നിതിന്‍ ഗഡ്ഗരിയെ ആര്‍എസ്എസ് നാഗ്പൂറിലേക്ക് അടിയന്തരമായി വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പ് ഫോര്‍മുലയെന്ന നിലയില്‍ ഗഡ്ഗരിയെ മുഖ്യമന്ത്രിയായി ആര്‍എസ്എസ് നിര്‍ദ്ദേശിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ലെന്നും താന്‍ ദില്ലിയില്‍ തന്നെ തുടരുമെന്നും ഗഡ്ഗരി പറഞ്ഞു. മഹാരാഷ്ട്ര പ്രതിസന്ധിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഇടപെട്ടിട്ടില്ലെന്നും ഗഡ്ഗരി വ്യക്തമാക്കി. അതിനിടെ മഹാരാഷ്ട്രയില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ബിജെപി നേതാവ് സുധിര്‍ മുംങ്ക്താര്‍ പ്രതികരിച്ചു. ബിജെപി ഗവര്‍ണറെ കാണുന്നത് സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് സംസാരിക്കാന്‍ അല്ലെന്നും മുംങ്ക്താര്‍ പറഞ്ഞു.നിതിന്‍ ഗഡ്ഗരി മുഖ്യമന്ത്രിയായേക്കുമെന്നുള്ള അഭ്യൂഹങ്ങളേയും മുംങ്ക്താര്‍ തള്ളി. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണമെന്നത് നിതന്‍ ഗഡ്ഗരിയുടെ വിദൂര സ്വപ്നം പോലും അല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകുമെന്നും മുംങ്ക്താര്‍ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചും ഭരണഘടന പ്രശ്നങ്ങളെ കുറിച്ചും സംസാരിക്കുന്നതിനാണ് തങ്ങള്‍ ഗവര്‍ണറെ കാണുന്നതെന്നും മുംങ്ക്താര്‍ വ്യക്തമാക്കി. ശിവസേനയുടെ പിന്തുണയില്ലാതെ തന്നെ സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന നിലപാടിലായിരുന്നു ബിജെപി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് ഗവര്‍ണറെ കാണാന്‍ ബിജെപി തിരുമാനിച്ചിരുന്നു. രാവിലെ 11 നായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ തിരുമാനം മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് ബിജെപി വീണ്ടും ഗവര്‍ണറെ കാണാനായി തിരുമാനിച്ചിരിക്കുന്നത്.