'ബിൻ ലാദന് സംരക്ഷണം നൽകിയവർ'; യുഎന്നിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ച് എസ് ജയശങ്കർ
ദില്ലി: യുഎന്നിൽ കാശ്മീർ വിഷയം ഉയർത്തിയ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഒസാമ ബിൻ ലാദനെ സംരക്ഷിച്ചവരും ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചവർക്കും യു എൻ പോലൊരു സമിതിയിൽ ഇത്തരം ധർമ്മപ്രഭാഷണം നടത്താനുള്ള യാതൊരു യോഗ്യതയും ഇല്ലെന്ന് എസ് ജയശങ്കർ പറഞ്ഞു.

'അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം: പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തിനായുള്ള പുതിയ ദിശാബോധം' എന്ന വിഷയത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ നടന്ന തുറന്ന സംവാദത്തിൽ അധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ.
കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ, സംഘർഷങ്ങൾ,തീവ്രവാദം, മഹാമാരി എന്നിങ്ങനെ ഏത് വെല്ലുവിളികളേയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും യുഎന്നിന്റെ വിശ്വാസ്യത, ജയശങ്കർ പറഞ്ഞു.
'ഭീകരവാദം തീർക്കുന്ന വെല്ലുവിളിയ്ക്കെതിരെ കൂടുതൽ കൂട്ടായ പ്രതികരണവുമായി ലോകം ഒന്നിച്ചുവരുമ്പോഴും കുറ്റവാളികളെ ന്യായീകരിക്കാനും സംരക്ഷിക്കാനും ചിലർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ട്. ബഹുരാഷ്ട്രവാദം പരിഷ്‌കരിക്കാനാണ് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.നമുക്ക് സ്വാഭാവികമായും ഞങ്ങളുടെ പ്രത്യേക വീക്ഷണങ്ങൾ ഉണ്ടാകും, എന്നാൽ ഇത് ഇനിയും വൈകിപ്പിക്കുന്നത് ശരിയായ നടപടിയല്ല', ജയശങ്കർ പറഞ്ഞു.
'ഏറ്റവും മികച്ച പരിഹാരം തേടുമ്പോൾ ഇത്തരം ഭീഷണികളോടുള്ള സാധാരണവൽക്കരണം ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തതാണ്.ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന ചോദ്യം പോലും ഉയരാൻ പാടില്ല.അതിർത്തി കടന്നുള്ള ഭീകരതയുടെ ഭരണകൂട സ്പോൺസർഷിപ്പിന് അത് തീർച്ചയായും ബാധകമാണ്.ഒസാമ ബിൻ ലാദന് ആതിഥ്യമരുളുകയും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്തത് ഈ സമിതിയിൽ ഗിരിപ്രസംഗം നടത്താനുള്ള യോഗ്യതയായി കണക്കാക്കാനാവില്ല', പാക്കിസ്ഥാനെ ലക്ഷ്യം വെച്ച് ജയശങ്കർ പറഞ്ഞു.












Click it and Unblock the Notifications