മൂന്ന് വിഐപി എംഎല്‍എമാർ പാർട്ടിയില്‍ ചേർന്നു: ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി
പാട്ന: ബിഹാർ നിയമസഭയിലെ മൂന്ന് വികാസ്ഷീൽ ഇൻസാൻ പാർട്ടി എം എല്‍ എമാരും ബി ജെ പിയില്‍ ചേർന്നു. ഇതോടെ ബിഹാർ നിയമസഭയിലെ വി ഐ പി അംഗബലം പൂജ്യമായി. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, നാല് വി ഐ പി എംഎൽഎമാരായിരുന്നു വോട്ടെടുപ്പിൽ വിജയിച്ച് നിയമസഭയില്‍ എത്തിയിരുന്നത്. അവരില്‍ ബൊച്ചാഹയിൽ (മുസാഫർപൂർ) നിന്നുള്ള മുസാഫിർ പാസ്വാൻ 2021 നവംബറിൽ മരണപ്പെട്ടിരുന്നു. മൂന്ന് വിഐപി എം എൽ എമാർ കൂടി പാർട്ടിയില്‍ ചേർന്നതോടെ നിയമസഭയിൽ ബി ജെ പിയുടെ ആകെ അംഗബലം 77 ആയി. ഇതോടെ സഭയില്‍ ബി ജെ പി ഏറ്റവും വലിയ കക്ഷിയായി മാറി. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 75 എംഎൽഎമാരുള്ള ആർ ജെ ഡിയായിരുന്നു ഒന്നാമത്. ജെഡിയുവിന് 45ഉം കോൺഗ്രസിന് 19ഉം ഇടതുപാർട്ടികൾക്ക് 15ഉം എംഎൽഎമാരാണ് ബിഹാർ നിയമസഭയിലുള്ളത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ 57 സ്ഥാനാർത്ഥികളെ നിർത്തിയ മുകേഷ് സഹാനിയാണ് വി ഐ പിയെ നയിക്കുന്നത്. ഏപ്രിൽ 12 ന് നടക്കാനിരിക്കുന്ന ബൊച്ചാഹ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ ബേബി കുമാരിക്കെതിരെ ഗീതാ ദേവിയെയും അദ്ദേഹം സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. ജൂലൈയിൽ കാലാവധി തീരുന്ന എം എൽ സിയാണ് സഹാനി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ എൻഡിഎ സർക്കാരിൽ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.

രാജു സിംഗ് (സാഹെബ്ഗഞ്ച്), സ്വർണ സിംഗ് (ഗൗര ബൗറാം), മിശ്രിലാൽ യാദവ് (അലിനഗർ) എന്നിവരാണ് സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ, മുതിർന്ന പാർട്ടി നേതാക്കളും ഉപമുഖ്യമന്ത്രിമാരായ തർകിഷോർ പ്രസാദ്, രേണു ദേവി എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. "ഞങ്ങൾ നേരത്തെ ബി ജെ പിയിലായിരുന്നു, ഞങ്ങളുടെ പാർട്ടി നേതാവ് മുകേഷ് സഹാനി ബൊച്ചാഹ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ, ഞങ്ങൾ ബി ജെ പിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു" രാജു സിംഗ് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് രണ്ട് പാർട്ടി എം എൽ എമാരും ഇത് തന്നെയാണ് വ്യക്തമാക്കിയത്.












Click it and Unblock the Notifications