ടൈറ്റനായുള്ള തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ് കോസ്റ്റ്ഗാര്‍ഡ്
വാഷിംഗ്ടണ്‍: ടൈറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തിരച്ചിലിനിടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ടൈറ്റാനിക്കിന് സമീപമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കാണാതായ അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങളാണ് ഇവയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആര്‍ഒവി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം വിദഗ്ധര്‍ ഈ വിവരം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിന്റെ വിക്ടര്‍ 6000 റോബോട്ടും തിരച്ചില്‍ ദൗത്യത്തിനായി ഇറങ്ങിയിട്ടുണ്ട്. രണ്ട് മെക്കാനികള്‍ കൈകളാണ് ഇവയ്ക്കുള്ളത്. അവശിഷ്ടങ്ങളെ പെട്ടെന്ന് നീക്കം ചെയ്യാനും, മുറിച്ചുമാറ്റാനുമെല്ലാം ഇവ സഹായിക്കും.അതേസമയം അങ്ങേയറ്റം ദുഷ്‌കരമാണ് രക്ഷാപ്രവര്‍ത്തനം എന്നാണ് വിവരങ്ങള്‍.

പ്രതികൂല കാലാവസ്ഥ അടക്കം അഞ്ച് പേരെ കണ്ടെത്തുന്നതിന് തടസ്സമാവുന്നുണ്ട്. അതുപോലെ ടൈറ്റന്‍ അന്തര്‍വാഹിനി പുറത്ത് നിന്ന് മാത്രമേ തുറക്കാനാവൂ. അതുകൊണ്ട് സ്വയം രക്ഷപ്പെടുക അസാധ്യമാണ്. ഈ അന്തര്‍വാഹിനി രക്ഷപ്പെട്ട് സമുദ്രോപരിതലത്തിലേക്ക് വന്നാലും ഇതിലുള്ളവര്‍ക്ക് സ്വയം പുറത്തുവരാനുമാവില്ല.
ടൈറ്റനിലെ ഓക്‌സിജന്‍ തീര്‍ന്നിരിക്കാനും സാധ്യത ഏറെയാണ്. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജനാണ് ഇതിലുണ്ടായിരുന്നത്. അന്തര്‍വാഹിനി കണ്ടെത്താന്‍ കടലിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിയ റോബോട്ട് തീവ്രശ്രമം തുടരുകയാണ്.അന്തര്‍വാഹിനിയിലെ അഞ്ചംഗ സംഘത്തെ ജീവനോടെ കണ്ടെത്തുന്നതിനാണ് ഇപ്പോഴും ശ്രമിക്കുന്നതെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൗഗര്‍ പറഞ്ഞു.
ഫ്രഞ്ച് തീരത്തിന് സമീപമുള്ള ഇംഗ്ലീഷ് ചാനല്‍ ദ്വീപസമുഹമായ ഗേണ്‍സിയിലെ ജൂലിയറ്റ് എന്ന സമുദ്രാന്തര തിരച്ചില്‍ വാഹനത്തെയം രക്ഷാദൗത്യത്തിനായി എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജൂലിയറ്റിനെ മറ്റൊരു വിമാനത്തിലാണ് എത്തിക്കുക. ആദ്യം എത്തിച്ച എയര്‍ക്രാഫ്റ്റില്‍ ജൂലിയറ്റിനെ കയറ്റാന്‍ സാധിച്ചിരുന്നില്ല. സമുദ്രാന്തര തിരച്ചിലില്‍ പ്രശസ്തമായ റോബോട്ടിക് വാഹനമായ ഫ്രാന്‍സിന്റെ വിക്ടര്‍ 6000 ദൗത്യത്തിന് കരുത്തുപകരും.












Click it and Unblock the Notifications