മോഷണം പോയ 2.5 ലക്ഷം രൂപയുടെ തക്കാളി: മകളുടെ വിവാഹം, ലോണ്‍.. തകർന്ന പ്രതീക്ഷകള്‍; ആ കർഷകർ പറയുന്നു
കർണാടകയുടെ സരിഗെ ബസ് ഹാസന്‍ ടൗൺ വിട്ട് തുടങ്ങിയിട്ടേയുള്ളു. അപ്പോഴേക്കും കൃഷിയിടങ്ങള്‍ കണ്ട് തുടങ്ങും. അധികവും ചോളവും മള്‍ബറിയുമാണ്. പതിയെ കവുങ്ങും, തക്കാളിയും പയറും, മത്തനുമൊക്കെയായി പലവിധത്തിലുള്ള കൃഷിയിടങ്ങള്‍ ഇടകലർന്നും ഒറ്റപ്പെട്ടും കിടക്കുന്നു. ഹാസനില്‍ നിന്നും ഹലെബേഡുവിലേക്കുള്ള യാത്രയില്‍ എങ്ങും വലിയ പട്ടണങ്ങളില്ല. രായപുര, ബസലേ ഹള്ളി പോലുള്ള ചെറിയ കാർഷിക ഗ്രാമങ്ങള്‍ മാത്രമാണ് വഴിയിലുള്ളത്.
അഡഗുർ തടാകത്തിലെ വെള്ളം കെട്ടി നിർത്തുന്ന അണക്കെട്ട് പോലുള്ള തിട്ടയിലൂടെയാണ് ബസ് ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. ഒരുവശത്ത് തടാകവും മറുവശത്ത് കൃഷിയിടങ്ങളും. നേരിയ ചാറ്റല്‍ മഴയത്ത് കൃഷിപ്പണിയില്‍ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍. ബസ് ഹലേബേഡുവിനും എത്തുന്നതിന് നാലഞ്ച് കിലോമീറ്ററുകള്‍ക്ക് ഇപ്പുറമാണ് ഗോണി സോമനഹള്ളിയെന്ന ഗ്രാമം. അവിടെ ഇറങ്ങി. ഒരു ബസ് സ്റ്റോപ്പ്, സമീപത്തായി പെട്ടിക്കട മാതൃകയില്‍ ഒരു ബാർബർ ഷോപ്പ്, ഒരു ചായക്കട, വീടിനോട് ചേർന്ന് നിലക്കുന്ന പലചരക്ക് കട, അതിന് സമീപത്തായി ഏതാനും വീടുകള്‍. ഇതാണ് ഗോണി സോമനഹള്ളി.

സോമശേഖരന്റേയും കുടുംബത്തിന്റേയും വീട്
തക്കാളി കർഷകനായ സോമശേഖരനേയും കുടുംബത്തേയും അന്വേഷിച്ചാണ് ഗോണി സോമനഹള്ളിയില്‍ എത്തിയിരിക്കുന്നത്. പലചരക്ക് കടയിലെ പ്രായമായ സ്ത്രീയോട് സോമശേഖരന്റെ വീട് അന്വേഷിച്ചെങ്കിലും ഞാന്‍ പറയുന്നത് അവർക്ക് മനസ്സിലാവുന്നില്ല. കഴിഞ്ഞ ദിവസം വന്ന ഒരു വാർത്തയോടൊപ്പമുള്ള ചിത്രം മൊബൈലില്‍ എടുത്ത് കാണിച്ചപ്പോഴാണ് അവർക്ക് ആളെ മനസ്സിലായത്. 'വില കുതിച്ചുയർന്നു; ഹാസനില്‍ കർഷകന്റെ രണ്ടര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയി' എന്നാണ് ആ വാർത്തയുടെ തലക്കെട്ട്. ആ മോഷണത്തിന് ഇരയായ കർഷകനെ തേടിയാണ് എന്റെ വരവ്.
കർഷക കുടുബം
കാർഷിക ഉപകരണങ്ങളും മറ്റും മുറ്റത്ത് നിരത്തിയിട്ട, ഓട് മേഞ്ഞ സാധാരണ വീട്. വീട്ടിലേക്ക് ഞാന്‍ കയറി ചെന്നു. ഭാര്യ പാർവതമ്മയും ഇളയമകള്‍ ഗീതയുമാണ് അപ്പോള്‍ അവിടെ ഉള്ളത്. മകന്‍ ധരണി ബേലൂരില്‍ പോയിരിക്കുകയാണ്. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷയായിരുന്നു വിളവ് മോഷ്ടിച്ച് കൊണ്ടുപോയവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആ യുവാവ്. ഊണും ഉറക്കവുമില്ലാതെ പൊലീസ് സ്റ്റേഷനും താലൂക്ക് ഓഫീസും കയറിയിറങ്ങുന്നു.
പാരമ്പര്യമായി കൃഷിയിലേർപ്പെട്ടിരിക്കുന്നവരാണ് സോമശേഖരനും കുടുംബവും. ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് സോമശേഖരന് സ്ട്രോക്ക് വന്നു. ഒരു വശം തളർന്നു, സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ഇതോടെയാണ് ഏക മകനായ ധരണി ഐടിഐ പഠനം പൂർത്തിയാക്കിയ ഉടന്‍ തന്നെ പൂർണ്ണമായും കൃഷിയിലേക്ക് ഇറങ്ങുന്നത്. നാല് ഏക്കർ സ്ഥലത്ത് രണ്ട് വീതം ഏക്കറില്‍ തക്കാളിയും ബീന്‍സും പതിവായി കൃഷി ചെയ്ത് വരുന്നു. ഇതില്‍ നിന്നാണ് വിളവെടുപ്പിന് തയ്യാറായ രണ്ടര ലക്ഷത്തോളം രൂപയുടെ തക്കാളി മോഷണം പോവുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

സോമശേഖരനും പാർവതമ്മയും കൃഷിയിടത്തില്‍
കൃഷിയിടത്തിലേക്ക്
വീട്ടില്‍ നിന്നും ഒന്നര കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന കൃഷി സ്ഥലത്തേക്ക് ആ കർഷക കുടുംബത്തോടൊപ്പം ഞാനും നടന്നു. വിശാലമായ കൃഷിയിടങ്ങള്‍. പച്ചക്കറികള്‍ മാത്രമല്ല, പൂക്കളും മള്‍ബറി ചെടിയുമൊക്കെ ഇവിടേയും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. സമീപത്തായി വീടുകളൊന്നുമില്ല. ഇത് മോഷണത്തിന് കൂടുതല്‍ സഹായകരമായെന്ന് പാർവതമ്മ പറയുന്നു. റോഡ് അരികില്‍ വാഹനം നിർത്തിയ കള്ളന്മാർ കൃഷിയിടത്തിലേക്ക് ഇറങ്ങി പാകമായ തക്കാളികള്‍ മുഴുവന്‍ പറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. മോഷ്ടിക്കുക മാത്രമല്ല, തക്കാളി ചെടികള്‍ക്ക് വലിയ രീതിയില്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പിഴുത് മാറ്റപ്പെട്ട തക്കാളി ചെടികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പാർവതമ്മയുടെ ശബ്ദം ഇടറുകയാണ്.
തകർത്ത് കളഞ്ഞ പ്രതീക്ഷകള്‍
'കനത്ത മഴയും, കാലാവസ്ഥാ മാറ്റവും, രോഗബാധയും കാരണം മുന്‍വർഷങ്ങളില്‍ കാര്യമായ വിളവ് ലഭിച്ചിരുന്നില്ല. വിലയും കുറവായിരുന്നു. ഇത്തവണ നല്ല വിളവിനോടൊപ്പം വിലയും കുതിച്ചുയർന്നതോടെ കുടുംബം വലിയ പ്രതീക്ഷയിലായിരുന്നു. ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്തും സ്വർണാഭരണങ്ങള്‍ പണയും വെച്ചുമാണ് കൃഷിക്കായുള്ള തുക കണ്ടെത്തിയത്. മുന്‍ വർഷങ്ങളിലെ അടക്കം തുക അടയ്ക്കാന്‍ ബാക്കിയുണ്ട്. ഇത് അടച്ച് തീർക്കണം, അതോടൊപ്പം തന്നെ മുത്തമകള്‍ നന്ദിനിയുടെ വിവാഹത്തിനുള്ള ചിലവുകളും കണ്ടെത്തണം. അങ്ങനെ പ്രതീക്ഷകള്‍ ഒട്ടനവധിയായിരുന്നു'- പാർവതമ്മ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
തക്കാളി പറിച്ച് മാർക്കറ്റിലേക്ക് എത്തിക്കാനായി പണിക്കാരെയടക്കം എല്‍പ്പിച്ചിരുന്നു ധരണി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് പാകമായ തക്കാളികളെല്ലാം മോഷ്ടിക്കപ്പെട്ടതായി കാണുന്നത്. ഇതോടെ സഹോദരന്‍ മാനസികമായി ആകെ തളർന്നുവെന്ന് ഗീതയും പറയുന്നു. 'കഠിനാധ്വാനിയായ കർഷകനായിരുന്നു തന്റെ ചേട്ടന്‍. അച്ഛന് സുഖമില്ലാതായതോടെ അദ്ദേഹം പൂർണ്ണമായി കൃഷിയിലേക്ക് ഇറങ്ങി. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിച്ച് പോവുന്നത്. ഇതുവരെ വലിയ ലാഭമൊന്നും ലഭിച്ചിട്ടില്ല. ഇത്തവണ വില കൂടിയപ്പോള്‍ കടങ്ങളൊക്കെ വീട്ടാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അതെല്ലാം അവർ തകർത്തു. ആരോടും ഒരിക്കലും ഇങ്ങനെ ചെയ്യരുത്'- ഗീത പറഞ്ഞു.

നശിപ്പിക്കപ്പെട്ട തക്കാളി തൈകള്‍
കള്ളന്മാർക്ക് പിന്നാലെ പൊലീസ്
ഗ്രാമത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ആരും കൃഷിയിടത്തില്‍ കാവല്‍ക്കാരെ നിർത്താറില്ല. എല്ലാവർക്കും പരസ്പരം വിശ്വാസം. തക്കാളിക്ക് പൊന്നും വിലയായപ്പോഴും കൃഷിയിടത്തില്‍ വന്ന് കാവല്‍ നില്‍ക്കുന്നതിനെക്കുറിച്ച് ധരണി ഓർത്തതേയില്ല. തക്കാളി മോഷണം പോയതോടെ ഗ്രാമത്തിലെ മറ്റ് കർഷകരും ആശങ്കയിലാണ്. തക്കാളി തോട്ടങ്ങളിലൊക്കെ ഇതോടെ രാത്രി കാവലും ആരംഭിച്ചിട്ടുണ്ട്.
പൊലീസിന്റെ ഭാഗത്ത് നിന്നും മികച്ച സഹകരണമാണ് ഉണ്ടാവുന്നതെന്നും കുടുംബം പറയുന്നു. അന്ന് രാത്രി പരിസര പ്രദേശങ്ങളില്‍ ആക്ടീവ് ആയിരുന്ന മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ഹാസനിലേയും ചിക്കമംഗ്ലൂരുവിലേയും മാർക്കറ്റുകളിലും പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. എങ്കിലും ഉടന്‍ തന്നെ മോഷ്ടാക്കളെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പൊലീസ് പങ്കുവെക്കുന്നത്. തഹസില്‍ദാർ ഉള്‍പ്പടേയുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി.
പാർവതമ്മയും ഗീതയും എന്നോട്ട് സംസാരിക്കുന്നതിനിടയില്‍ തന്നെ സോമശേഖർ എനിക്ക് വേണ്ടി ഏതാനും തക്കാളികള്‍ പറിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. വേണ്ടെന്ന് പല തവണ പറഞ്ഞു, മടക്കം വീട്ടിലേക്ക് അല്ലെന്ന് വ്യക്തമാക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഒടുവില്‍ ഏതാനും തക്കാളികള്‍ അദ്ദേഹം തന്നെ ബാഗിലേക്ക് എടുത്തിട്ടു... ബസ് സ്റ്റോപ്പ് വരെ കൂടെ നടന്നത് യാത്രയാക്കി.












Click it and Unblock the Notifications