ഉജ്ജ്വല്‍ യോജന നടപ്പിലാക്കിയിട്ട് ഒരു വര്‍ഷം, പദ്ധതി എവിടെയെത്തി നില്‍ക്കുന്നു?

  • Written By: Anoopa
Subscribe to Oneindia Malayalam

രാജ്യത്ത് ദാരിദ്യരേഖക്കു താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 2016 മെയിലാണ് ബിജെപി സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി നടപ്പിലാക്കിത്. 8,000 കോടി ചെലവിട്ടു നടപ്പിലാക്കിയ പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതി എവിടെയെത്തി നില്‍ക്കുന്നു? ഒരു വിലയിരുത്തല്‍...

ഉജ്ജ്വല്‍ യോജന എന്തുകൊണ്ട് പ്രധാനപ്പെട്ടതാകുന്നു?

രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും കെറോസിന്‍ പോലുള്ള ഇന്ധനങ്ങളെയും വിറക്,കല്‍ക്കരി തുടങ്ങിയ വസ്തുക്കളുമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. മറ്റ് ഇന്ധനങ്ങളെയപേക്ഷിച്ച് വൃത്തിയുള്ളതും കുറഞ്ഞ അളവില്‍ മാത്രം കാര്‍ബണ്‍ പുറം തള്ളുന്നതുമാണ് എല്‍പിജി. വൃത്തിരഹിതമായതും കൂടുതല്‍ കാര്‍ബണ്‍ പുറംതള്ളുന്നതുമായ ഇന്ധനങ്ങളില്‍ നിന്ന് 400 സിഗരറ്റ് വലിക്കുമ്പോളുണ്ടാകുന്ന അത്രയും പുകയുണ്ടാകുമെന്നും ഇത് സ്ത്രീകളിലും കുട്ടികളിലും ശ്വാസകോശ രോഗങ്ങള്‍ക്കു കാരണമാകുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. വൃത്തിരഹിതമായ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു മൂലം രാജ്യത്ത് ഓരോ വര്‍ഷവും 5 ലക്ഷത്തോളം സ്ത്രീകള്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യസംഘടന നടത്തിയ പഠനത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വൃത്തിയുള്ള എല്‍പിജി രാജ്യത്തെ അഞ്ച് കോടിയോളം അടുക്കളകളിലെത്തുന്നത് ഏറെ പ്രധാനപ്പെട്ടതാകുന്നത്. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ സബ്‌സിഡി എത്തുന്നു എന്നത് അവരുടെ ശാക്തീകരണത്തിനും കാരണമാകുന്നു എന്നതാണ് മറ്റൊരു നേട്ടം.

cylinder

ഉജ്ജ്വല്‍ യോജന എവിടെയെത്തി നില്‍ക്കുന്നു?

പദ്ധതി നടപ്പില്‍ വരുത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ 694 ജില്ലകളിലാണ് ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം സൗജന്യ പാചകവാതകം എത്തിയിട്ടുള്ളത്. 2.2 കോടി കണക്ഷനുകളാണ് ഇതിനായി ഉപയോഗിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ എല്‍പിജി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 10% വര്‍ദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് 10 ല്‍ ഏഴ് കുടുംബങ്ങളും ഇന്ന് എല്‍പിജി ഉപഭോക്താക്കളാണ്. 2016-17 വര്‍ഷത്തില്‍ ഉജ്ജ്വല്‍ യോജന പദ്ധതിയിലും അല്ലാതെയുമായി 3.25 കോടി പുതിയ എല്‍പിജി കണക്ഷനുള്ള അപേക്ഷകളും എത്തിയിട്ടുണ്ട്. എണ്ണത്തില്‍, ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അപേക്ഷയാണിത്. ഉജ്ജ്വല്‍ യോജന സര്‍ക്കാര്‍ ഉദ്ദേശിച്ചതിലുമധികം ഫലം കണ്ടു എന്നു വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടപ്പിലാക്കിയ രാജീവ് ഗാന്ധി വിത്രാന്‍ യോജനയെക്കാള്‍ വിജയം കണ്ടത് ഉജ്ജ്വല്‍ യോജനയാണ്.

സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തല്‍

രാജീവ് ഗാന്ധി വിത്രാന്‍ യോജന നടപ്പിലാക്കാന്‍ പണം എണ്ണവിതരണക്കമ്പനികളുടെ ഫണ്ടില്‍ നിന്നുമാണ് കണ്ടെത്തിയതെങ്കില്‍ 8,000 കോടി രൂപയാണ് ഉജ്ജ്വല്‍ യോജന പദ്ധതിക്കായി മാറ്റിവെച്ചത്. എന്നാല്‍ ഉജ്ജ്വല്‍ യോജനയുമായി ബന്ധപ്പെട്ട ഗിവ് ഇറ്റ് അപ് ക്യാപെയ്‌നിലൂടെയും പഹാല്‍ പദ്ധതിയിലൂടെയും വലിയൊരു തുക സര്‍ക്കാരിന് നേടാനായി. ഇതിലൂടെ ഖജനാവില്‍ നിന്നും ചെലവാക്കിയ തുകയുടെ ഒരു ഭാഗം തിരിച്ചുപിടിക്കുകയും ചെയ്തു.

ഇനിയങ്ങോട്ട്...

പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതു വൈകിയാല്‍ ഉപഭോക്താക്കളുടെ എണ്ണവും കുറയും. നിലവില്‍ കണക്ഷന്‍ എടുത്തവര്‍ അത് തുടര്‍ന്നുകൊണ്ടുപോകുന്നുണ്ടോ എന്നതും പ്രധാനമാണ്. ബാങ്ക് അക്കൗണ്ടിലേക്കെത്തുന്ന സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് പിന്‍വലിക്കാനാകുന്നുണ്ടോ എന്നും പരിശോധിക്കണം. ആദ്യത്തെ ഒരു വര്‍ഷത്തിനിടെ അത്ഭുതാവഹമായ നേട്ടമാണ് ഉജ്ജ്വല്‍ യോജന കൈവരിച്ചത്. അതു തുടര്‍ന്നുകൊണ്ടു പോകുക എന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

English summary
Progress of Ujjwala Yojana under Modi government and the gaps which need attention
Please Wait while comments are loading...