'ഇന്ത്യ കീഴടങ്ങില്ലെന്ന് ട്രംപ് തിരിച്ചറിഞ്ഞു, തീരുവ യാതൊരു അടിസ്ഥാനവുമില്ലാതെ'; വിമർശിച്ച് നയതന്ത്രജ്ഞൻ
ന്യൂഡൽഹി: തന്റെ ആക്രമണാത്മക വ്യാപാര ഭീഷണികൾ ഉദ്ദേശിച്ച ഫലങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് മനസിലാക്കി തുടങ്ങിയെന്ന് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ കെപി ഫാബിയാൻ. ട്രംപിനെ കടുത്ത ഭാഷയിൽ പരിഹസിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയുമായി കൂടുതൽ എടുക്കുന്നതിന്റെ സൂചനകൾ ഡൊണാൾഡ് ട്രംപ് വാക്കുകളിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് ഫാബിയാൻ വിമർശനവുമായി വന്നിരിക്കുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല നിലപാട് മാറ്റത്തിന് മറുപടിയായി, തീരുവകൾ ഒരു അടിസ്ഥാനവുമില്ലാത്തതാണ് എന്നും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ അദ്ദേഹം കുറച്ചുകാണുന്നുവെന്നും ഫാബിയൻ പറഞ്ഞു. വളരെ നല്ല ഭാഷയിലുള്ള ഒരു ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉചിതമായ ഭാഷയിൽ മറുപടി നൽകുക മാത്രമാണ് ചെയ്‌തതെന്ന് ഫാബിയാൻ പറഞ്ഞു.

ഇതിൽ നിന്ന്, 'ട്രിപ്പിൾ ടി' എന്ന് ഞാൻ വിളിക്കുന്ന കാര്യത്തിന് ഒരു അറുതി വരുമെന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല. ട്രംപ്-അപ്പ് ട്രംപ് താരിഫ് എന്നതാണ് അത്. ട്രംപ്-അപ്പ് എന്നാൽ അടിസ്ഥാനരഹിതം എന്നാണ് അർത്ഥം. ട്രംപ് 25 ശതമാനം കൂടി തീരുവ എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ഇന്ത്യ കീഴടങ്ങുമെന്ന തന്റെ പ്രതീക്ഷ തെറ്റാണെന്ന് അദ്ദേഹം മനസിലാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് ഫാബിയാൻ പറഞ്ഞത്.
'അദ്ദേഹം മനസ്സിലാക്കേണ്ടത് ഇന്ത്യ ഇന്ത്യയാണെന്നാണ്. ഇന്ത്യ ഒരു നാഗരിക രാഷ്ട്രമാണ്. ഇന്ത്യയ്ക്ക് മറ്റൊരു രാജ്യത്തിന്റെയും സൗമ്യനായ അനുയായിയാകാൻ കഴിയില്ല. ഇന്ത്യ എല്ലാവരുമായും സൗഹൃദത്തിലാകാനും ബിസിനസ് നടത്താനും ആഗ്രഹിക്കുന്നു, പക്ഷേ ഇന്ത്യയ്ക്ക് ഒരിക്കലും അധിനിവേശം നടത്താൻ കഴിയില്ല' ഫാബിയാൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങലുകൾക്ക് 25 ശതമാനം അധിക തീരുവയും ഏർപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കും ഇടയിലെ വ്യാപാര ബന്ധത്തിൽ കാര്യമായ വിള്ളലുകൾ വീണിരുന്നു. ട്രംപിന്റെ തീരുമാനത്തോടെ മൊത്തം തീരുവകൾ 50 ശതമാനം ആയി ഉയർന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ട്രംപ് തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. 'എപ്പോഴും ഞാൻ അങ്ങനെ തന്നെയായിരിക്കും. ഞാൻ എപ്പോഴും നരേന്ദ്ര മോദിയുമായി സുഹൃത്തുക്കളായിരിക്കും. അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. ഞങ്ങൾ എപ്പോഴും സുഹൃത്തുക്കളായിരിക്കും, പക്ഷേ ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്‌ടമല്ല' എന്നായിരുന്നു ട്രംപ് റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യയെ കുറിച്ച് പറഞ്ഞത്.
ട്രംപിന്റെ പ്രസ്‌താവനയ്ക്ക് ശേഷം, പ്രധാനമന്ത്രി മോദി ഇതിനോട് അനുഭാവപൂർവം പ്രതികരിച്ചു, 'പ്രസിഡന്റ് ട്രംപിന്റെ വികാരങ്ങളെയും നമ്മുടെ ബന്ധങ്ങളെക്കുറിച്ചുള്ള പോസിറ്റീവ് വിലയിരുത്തലിനെയും താൻ ആഴത്തിൽ വിലമതിക്കുകയും പൂർണ്ണമായും അതിനോട് യോജിക്കുകയും ചെയ്യുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയ്ക്കും യുഎസിനും വളരെ പോസിറ്റീവ് ആയതും ഭാവിയിലേക്കുള്ളതുമായ സമഗ്രവും ആഗോളവുമായ തന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും മോദി ട്രംപിന്റെ പോസ്‌റ്റിനോട് പ്രതികരിച്ചു കൊണ്ട് പറഞ്ഞിരുന്നു. നിലവിൽ സാഹചര്യത്തിൽ ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ ഒരു പുരോഗതിക്കുള്ള സാധ്യത ഉണ്ടാവുമെന്നാണ് കൂടുതൽ പേരും പ്രതീക്ഷിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും മാറ്റമൊന്നും പ്രകടമായിട്ടില്ല.












Click it and Unblock the Notifications