ദില്ലിയിൽ വൃദ്ധ ദമ്പതികളെയും ജോലിക്കാരിയേയും കഴുത്തറുത്ത് കൊന്ന സംഭവം; കുടുംബസുഹൃത്തുക്കൾ അറസ്റ്റിൽ
ദില്ലി: സൗത്ത് ദില്ലിയിൽ വൃദ്ധ ദമ്പതികളും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 42കാരിയായ പ്രീതി ശെറാവത്തും അവരുടെ പങ്കാളിയായ മനോജ് ഭട്ടുമാണ് അറസ്റ്റിലായത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ദില്ലിയിലെ വസന്ത വിവാറിലെ വസതിയിൽ വൃദ്ധ ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 80 വയസ് പ്രായമുള്ള വിഷ്ണു കുമാറും 75കാരിയായ ഭാര്യ ശിശി മാതുറും വീട്ടുജോലിക്കാരിയ ഖുഷ്ബു നൗത്തിയാലുമാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരായിരുന്നു വിഷ്ണു കുമാറും ഭാര്യയും.

വീടിന്റ മുൻവശത്തെ വാതിലിലൂടെ രക്തം പുറത്തേക്കൊഴുകുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികൾ ഹെൽമറ്റ് ധരിച്ചാണ് വീടിനുള്ളിൽ കയറിയത്.
കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയത്. പ്രതികൾക്ക് വിഷ്ണു കുമാറുമായി മുൻപരിചയം ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വൃദ്ധ ദമ്പതികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടുജോലിക്കാരിയായ ഖുഷ്ബു അതിക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. 35 തവണയോളം ഖുഷ്ബുവിന് കുത്തേറ്റിട്ടുണ്ട്.
വിഷ്ണു കുമാറിന്റെ കുടുംബവുമായി പ്രീതിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. തന്റെ പങ്കാളിയായ മനോജ് ഭട്ടുമായി ചേർന്ന് പ്രീതി കവർച്ചയ്ക്ക് പദ്ധതിയിട്ടു. മറ്റൊരു കൊലപാതക കേസിലും പ്രതിയാണ് മനോജ് ഭട്ട്. ദമ്പതികളുടെ മകൻ അടുത്തിടെ ഒരു അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications