ത്രിപുരയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഗര്‍ത്തല: ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായി എംഎല്‍എമാരുടെ രാജി. രണ്ട് എംഎല്‍എമാര്‍ രാജിവയ്ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. സുദീപ് റോയ് ബര്‍മന്‍, ആശിഷ് കുമാര്‍ സാഹ എന്നിവരാണ് ബിജെപിയില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവച്ചത്. ഇരുവരും ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കണ്ട് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ബിജെപി വിട്ടതും കോണ്‍ഗ്രസില്‍ ചേര്‍ന്നതും. 60 അംഗ നിയമസഭയാണ് ത്രിപുരയിലേത്. രണ്ടു പേര്‍ രാജിവച്ചതോടെ ബിജെപിയുടെ അംഗബലം 33 ആയി കുറഞ്ഞു. ഇനിയും കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് കോണ്‍ഗ്രസിലെത്തിയശേഷം ബര്‍മന്‍ പറഞ്ഞു.
മാസങ്ങള്‍ക്കകം വലിയ മാറ്റം സംഭവിക്കും. സാങ്കേതിക കാരണങ്ങളാല്‍ മാത്രമാണ് എല്ലാവരും ഒരുമിച്ച് രാജി പ്രഖ്യാപിക്കാത്ത്. ബിജെപി നേതൃത്വത്തിന്റെ നിലപാടുമായി യോജിച്ച് പോകാന്‍ എംഎല്‍എമാര്‍ക്ക് സാധിക്കുന്നില്ല. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ത്രിപുരയിലും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ബര്‍മന്‍ പറഞ്ഞു.

ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ത്രിപുര. പാര്‍ട്ടി 25 വര്‍ഷത്തോളം ഭരിച്ച സംസ്ഥാനമാണിത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അതുവരെ ഒരു സീറ്റ് പോലുമില്ലാതിരുന്ന ബിജെപി മികച്ച വിജയം നേടി. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടി. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതായിരുന്നു കാഴ്ച. ഒട്ടേറെ സിപിഎം ഓഫീസുകള്‍ ബിജെപി ഒഫീസുകളാക്കി മാറ്റി. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ നടന്നതായും അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബിജെപിയുടെ യുവമുഖം ബിപ്ലബ് കുമാര്‍ ദേവിനെ ആണ് ദേശീയ നേതൃത്വം മുഖ്യമന്ത്രി പദവിയിലേക്ക് നിര്‍ദേശിച്ചത്. മാസങ്ങള്‍ പിന്നിട്ടതോടെ ബിപ്ലബിന്റെ നിലപാടില്‍ മറ്റു എംഎല്‍എമാര്‍ക്ക് അതൃപ്തി ഉടലെടുത്തു. വലിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ചില ബിജെപി എംഎല്‍എമാര്‍ പരാതിയുമായി ഡല്‍ഹിയിലെത്തി. ഐക്യത്തോടെ പോകണമെന്ന് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് രണ്ടു എംഎല്‍എമാര്‍ രാജിവച്ചിരിക്കുന്നത്. കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്നാണ് വിവരം.
അതേസമയം, ത്രിപുരയില്‍ കരുത്ത് കാട്ടാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. സിപിഎമ്മിന്റെ കോട്ടയായിരുന്ന പശ്ചിമ ബംഗാള്‍ പിടിച്ചതിന് ശേഷമാണ് മമത ത്രിപുരയിലേക്ക് നോട്ടമിട്ടത്. ചില കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ തൃണമൂലില്‍ ചേരുകയും ചെയ്തു. എന്നാല്‍ തൃണമൂലിന് ത്രിപുരയില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്ന പ്രതീക്ഷയിലാണ് ബിജെപി.












Click it and Unblock the Notifications