താക്കീതിൽ പാകിസ്താൻ പഠിച്ചില്ല: വീണ്ടും വെടിനിർത്തൽ കരാർ ലംഘനം, ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കും!
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ടിലാണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. കൃഷ്ണഗാട്ടി സെക്ടറില്‍ ബാറ്റ് സേന നടത്തിയ ആക്രമണം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ് മറികടന്ന് പാക് സൈന്യം പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നത്. ഇന്ത്യൻ പോസ്റ്റുകൾ ആക്രമിച്ച ബാറ്റ് സേന ഇന്ത്യൻ അതിർത്തിയ്ക്കുള്ളില്‍ കടന്ന് രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുക്കുകയും മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച പുലർച്ചെ 2.30 ന് ആരംഭിച്ച ആക്രമണം 5.30 വരെ നീണ്ടുനിൽക്കുകയും ചെയ്തു. എന്നാൽ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹം വികൃതമാക്കിയ നടപടിയ്ക്ക് ഏഴ് പാക് സൈനികരെ വധിച്ചുകൊണ്ട് ഇന്ത്യ മറുപടി നൽകിയിരുന്നു.

ഭീകരരെ അയച്ച് ആക്രമണം
നിയന്ത്രണ രേഖയ്കക്ക് സമീപത്ത് ഇന്ത്യൻ സൈന്യത്തിനെതിരെ വിവിധയിടങ്ങളിൽ ആക്രമണം നടത്തുന്നതിനായി പാക് സൈന്യം ഭീകരരെ ചെറു സംഘങ്ങളായി അയയ്ക്കുന്നുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക് സൈന്യത്തിന്റെ നടപടിയില്‍ ഇരു രാജ്യങ്ങളും തമ്മിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണിത്.

ആക്രമണത്തിന് അതേ നാണയത്തിൽ മറുപടി
കൃഷ്ണഗാട്ടിയിൽ ഇന്ത്യൻ സൈനികരെ ആക്രമണത്തിൽ വധിച്ച് മൃതദേഹങ്ങൾ വികൃതമാക്കിയ നടപടിയിൽ ഇന്ത്യന്‍ സൈന്യം പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്നാണ് സൈന്യത്തോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാക് നടപടിയിൽ പ്രതികാരം തീർക്കാൻ സൈന്യത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നൽകിയതായി പ്രതിരോധത്തിന്‍റെ ചുമതലയുള്ള അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു
പാകിസ്താൻ ബോർഡർ ആക്ഷൻ ഫോഴ്സിന്റെ ആക്രമണം ചെറുക്കുന്നതിനും പരിക്കേൽക്കുന്നത് തടയുന്നതിനുമായി വിവിധ മാർഗ്ഗങ്ങള്‍ സ്വീകരിക്കാൻ നിയന്ത്രണ രേഖയിലുള്ള കമാൻഡർമാർ നിർദേശം നൽകിയിട്ടുണ്ട്. 250 മീറ്റർ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളില്‍ കടന്ന് ബാറ്റ് സേന ആക്രമണം നടത്തിയതിനെ തുടർന്നാണ് അതിർത്തിയിലെ സൈനികർക്ക് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ചെറുക്കും
നിയന്ത്രണ രേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം ഇല്ലാതാക്കുന്നതിനായി അതിർത്തിയിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും നിയന്ത്രണ രേഖ കൂടുതൽ സുരക്ഷിതമാക്കുമെന്നും സൈന്യം വ്യക്തമാക്കി.

ഇന്റലിജൻസ് റിപ്പോർട്ട് നിർണായകം
പാകിസ്താന്റെ പിന്തുണയോടെ നിയന്ത്രണ രേഖ വഴി ഭീകരർ സംഘങ്ങളായി തിരിഞ്ഞ് ഇന്ത്യന്‍ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്നാണ് ഇന്ത്യൻ സൈന്യം നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.












Click it and Unblock the Notifications