പൊലീസിനെ നേരെ ബോംബെറിഞ്ഞു; തമിഴ്‌നാട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ വെടിവച്ചു കൊലപ്പെടുത്തി
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലെ തിരുപ്പുലിവനത്ത് വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് വെടിവെച്ചുകൊന്നു. പുലര്‍ച്ചെ ഇരുവരെയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും നാടന്‍ ബോംബുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് 'സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന്‍, ദിനേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച വൈകുന്നേരമാണ് മൊയ്തീനും ദിനേശും മറ്റൊരാളും ചേര്‍ന്ന് കാര്‍ത്തിക് (27), എസ് മഹേഷ് (22) എന്നിവരെ കൊലപ്പെടുത്തിയത്. കാര്‍ത്തിക്കും മഹേഷും ബന്ധുക്കളായിരുന്നു. വൈകിട്ട് 7.30ഓടെ ചെങ്കല്‍പേട്ട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചായക്കടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന കാര്‍ത്തിക്കിന് നേരെ മൂന്നംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മഹേഷിന്റെ വീട്ടിലെത്തി അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തി.

സംഭവത്തിന് പിന്നാലെ ചെങ്കല്‍പട്ട് താലൂക്ക് പോലീസ് കേസെടുത്ത് ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. പ്രതികള്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് അരവിന്ദന്റെയും ഇന്‍സ്പെക്ടര്‍ രവിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം രാവിലെ 7.30 ഓടെ സ്ഥലത്തെത്തി ഇവരെ പിടികൂടാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസിന് നേരെ പ്രതികള്‍ നാടന ബോംബ് പ്രയോഗിച്ചു. തുടര്‍ന്ന് മൊയ്ദീനെയും ദിനേശിനെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവരുടെ മൃതദേഹം ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മൊയ്തീന്‍ മൂന്ന് കൊലപാതക കേസുകളിലും ദിനേശ് ഒരു കേസിലും പ്രതിയാണ്. ഇരട്ടക്കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് മാരന്‍, ജെസീക്ക എന്നീ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications