യുപിക്ക് യുഎഇയില്‍ നിന്നും കോളടിച്ചു; ഉന്നാവിലേക്ക് 4000 കോടി രൂപയുടെ നിക്ഷേപം കടല്‍ കടന്ന് എത്തുന്നു
ഉത്തർപ്രദേശില്‍ വന്‍ നിക്ഷേപ പദ്ധതിയുമായി യു എ ഇ.
ഉന്നാവ് ജില്ലയിൽ 461 മില്യൺ യുഎസ് ഡോളറിന്റെ വൻ നിക്ഷേപമാണ് യു എ ഇയുടെ ഷെയ്ഖ് അഹമ്മദ് ബിൻ മൻ ബിൻ ഖലീഫ അൽ മക്തൂം നേതൃത്വം നൽകുന്ന അക്വാബ്രിഡ്ജ് ഹോൾഡിംഗ്സ് നടത്താന്‍ പോകുന്നതെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം 4000 കോടി രൂപയുടെ നിക്ഷേപമാണ് യു എ ഇയില്‍ നിന്നും യുപിയിലേക്ക് എത്തുന്നത്.
ചീഫ് സെക്രട്ടറി മനോജ് കുമാർ സിംഗിന്റെ ദുബായ് സന്ദർശനത്തിനിടെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തരമൊരു സുപ്രധാനമായ തീരുമാനമുണ്ടായത്. ഉന്നാവ് ഇൻഡസ്ട്രിയൽ കോറിഡോറിൽ മത്സ്യകൃഷി, മത്സ്യസംസ്കരണം, തീറ്റ ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അത്യാധുനിക വ്യവസായ സമുച്ചയം സ്ഥാപിക്കാനാണ് ഈ നിക്ഷേപത്തിലൂടെ യു എ ഇ ലക്ഷ്യമിടുന്നത്.

ഈ നിക്ഷേപം ഉത്തർപ്രദേശിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഒരു ചാലകശക്തിയാകുമെന്നാണ് പ്രതീക്ഷ. മനോജ് കുമാർ സിംഗ് ദുബായിൽ നടത്തിയ ഉന്നതതല ചർച്ചകളിൽ, യു എ ഇയിലെ വ്യവസായ പ്രമുഖരുമായി ഉന്നാവിലെ വ്യാവസായിക സാധ്യതകൾ വിശദീകരിച്ചു. ചർച്ചകളിൽ, അക്വാബ്രിഡ്ജ് ഹോൾഡിംഗ്സിന്റെ ചെയർമാനായ ഷെയ്ഖ് അഹമ്മദ് ബിൻ മൻ ബിൻ ഖലീഫ അൽ മക്തൂമുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമായിരുന്നു.
ഉത്തർപ്രദേശിന്റെ നിക്ഷേപസൗഹൃദ നയങ്ങളും ഉന്നാവിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഈ തീരുമാനത്തിൽ നിർണായക പങ്കുവഹിച്ചതായി യു പി സർക്കാർ പ്രതിനിധികള്‍ പറയുന്നു. അക്വാബ്രിഡ്ജ് ഹോൾഡിംഗ്സിന്റെ നിക്ഷേപം പ്രധാനമായും മത്സ്യകൃഷി മേഖലയിലാണ്. ഉത്തർപ്രദേശിനെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യകൃഷി കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് ഉയർന്ന വിളവ് ഉറപ്പാക്കുന്ന മത്സ്യകൃഷി, ഗുണനിലവാരമുള്ള മത്സ്യ ഉൽപ്പന്നങ്ങൾ വിപണനത്തിന് തയ്യാറാക്കൽ, മത്സ്യകൃഷിക്ക് ആവശ്യമായ ഉയർന്ന ഗുണമേന്മയുള്ള തീറ്റ ഉൽപ്പാദിപ്പിക്കൽ, അന്താരാഷ്ട്ര വിപണികളിലേക്ക് മത്സ്യ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ എന്നിവയായിരിക്കും ഈ വ്യവസായ കേന്ദ്രത്തിലെ പ്രധാന സംവിധാനങ്ങള്‍.
സംരഭം പ്രാദേശിക കർഷകർക്ക് പുതിയ വരുമാന മാർഗങ്ങൾ തുറക്കുകയും മത്സ്യകൃഷി മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയും ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കുന്നു. നിക്ഷേപം ഉന്നാവിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും. മത്സ്യകൃഷി, സംസ്കരണം, തീറ്റ ഉൽപ്പാദനം, ലോജിസ്റ്റിക്സ്, വിപണനം തുടങ്ങിയ മേഖലകളിൽ നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഉന്നാവിന്റെ സാമൂഹിക-സാമ്പത്തിക ഘടനയെ മെച്ചപ്പെടുത്തുകയും ചെയ്യും.
ഉത്തർപ്രദേശ് സർക്കാർ, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ, സംസ്ഥാനത്തെ ഒരു ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു. 'നിവേശ് മിത്ര' പോർട്ടൽ വഴിയുള്ള ഏകജനാലിക സംവിധാനം, 72 മണിക്കൂറിനുള്ളിൽ എൻഒസി നൽകൽ, ഭൂമി ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ പദ്ധതികളും നിക്ഷേപകർക്ക് ആകർഷകമാക്കിയിട്ടുണ്ട്.
2023-ലെ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിൽ ഉന്നാവില്‍ മാത്രം 26,000 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ തേടിയിരുന്നു. ലക്‌നൗവിനും കാൺപൂരിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഉന്നാവ്, ഗതാഗത സൗകര്യങ്ങളുടെയും വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളുടെയും കാര്യത്തിൽ തന്ത്രപ്രധാനമായ സ്ഥാനം വഹിക്കുന്നു. ദേശീയപാതകൾ, റെയിൽവേ ശൃംഖല, വിമാനത്താവള സൗകര്യങ്ങൾ എന്നിവ ഉന്നാവിനെ വ്യവസായങ്ങൾക്ക് അനുയോജ്യമായ ഒരു കേന്ദ്രമാക്കി മാറ്റുന്നു. ഉന്നാവിലെ ഹസൻഗഞ്ച് പ്രദേശത്താണ് പുതിയ വ്യവസായ സമുച്ചയം സ്ഥാപിക്കുന്നത്, ഇത് ജില്ലയുടെ വ്യാവസായിക ഭൂപടത്തിൽ ഒരു പുതിയ അധ്യായം രചിക്കുമെന്നും സർക്കാർ വ്യത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ചട്ടക്കൂടിനുള്ളിൽ യുപിയിലെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി യു എ ഇ സാമ്പത്തിക മന്ത്രാലയത്തിലെ അന്താരാഷ്ട്ര വ്യാപാര കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമ മുഹമ്മദ് അൽ കൈറ്റുമായി ചീഫ് സെക്രട്ടറി സൗഹൃദ കൂടിക്കാഴ്ച നടത്തി. യുഎഇ നിക്ഷേപ മന്ത്രാലയത്തിന്റെ ഡയറക്ടർ മുഹമ്മദ് സൈനൽ അൽസറൂണി, എഫ്ഡിഐ വിദഗ്ദ്ധൻ ഡാനിയേൽ റെയ്മണ്ട് സെല്ലേഴ്‌സ് എന്നിവരുമായി ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭക്ഷ്യ സംസ്കരണത്തിലും മൾട്ടിമോഡൽ ലോജിസ്റ്റിക്സിലും സാധ്യതയുള്ള നിക്ഷേപങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാർക്ക് എബി ക്യാപിറ്റലിന്റെ ഗ്രൂപ്പ് സിഇഒ അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം, അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസിലെ മുഹമ്മദ് അൽ ഹൊസാനി, ക്ലാരിയോൺ ഷിപ്പിംഗ് സർവീസസ് എൽഎൽസിയുടെ സിഎംഡി അനിയൻ കുട്ടി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications