തൊഴിലുറപ്പ് തൊഴിലാളികള്‍ പേടിക്കണോ? സാമൂഹിക മേഖലകളോടുള്ള അവഗണന ഈ ബജറ്റിലും തുടരുമോ?
ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ശനിയാഴ്ച നിർമ്മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുമ്പോള്‍ ഏറെ പ്രതീക്ഷയാണ് സാമൂഹിക മേഖല വെച്ചുപുലർത്തുന്നത്. കഴിഞ്ഞ കുറച്ച് ബജറ്റുകളലായി സാമൂഹിക മേഖലയ്ക്ക് അനുവദിക്കുന്ന തുകയില്‍ സർക്കാർ വലിയ ഇടിവാണ് വരുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് നിർമ്മല സീതാരാമന്‍ മുതിർന്നേക്കുമെന്ന പ്രതീക്ഷയാണ് ചിലർ പങ്കുവെക്കുന്നത്. അതേസമയം കാര്യമായ വിഹിതം ഇത്തവണയും ഉണ്ടാകില്ലെന്ന വിലയിരുത്തലുമുണ്ട്.
പ്രധാനമായും ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, ദേശീയ സാമൂഹിക സഹായം, പിഎം-പോഷൺ തുടങ്ങിയ പദ്ധതികളിലാണ് കഴിഞ്ഞ വർഷങ്ങളില്‍ പ്രധാനമായും വെട്ടിക്കുറവ് വരുത്തിയിട്ടുള്ളത്. ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിലെ മിക്ക പദ്ധതികൾക്കുമുള്ള വിഹിതം കുറയുകയോ സ്തംഭിക്കുകയോ ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ നിരത്തി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യ മേഖലയുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ 2018-22 സാമ്പത്തിക വർഷത്തിൽ മൊത്തം ബജറ്റിന്റെ 2.47%-2.22% ആയിരുന്നു നീക്കി വെച്ചിരുന്നത്. 2023-25 സാമ്പത്തിക വർഷത്തിലേക്ക് എത്തിയപ്പോള്‍ ഇത് 1.85%-1.75% ആയി കുറഞ്ഞു. മുൻ വർഷങ്ങളിൽ ഗ്രാമവികസന മന്ത്രാലയത്തിന് അനുവദിച്ച മൊത്തം ബജറ്റിന്റെ വിഹിതം കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 6 ശതമാനത്തിന് മുകളിലേക്ക് കടന്നിട്ടില്ല.
സർക്കാറിന്റെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു മേഖല ഉന്നത വിദ്യാഭ്യാസമാണ്. 2017-20 വരേയുള്ള കാലയളവില്‍ മൊത്തം ബജറ്റിന്റെ 1.57-1.37ശതമാനമായിരുന്നു ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവെച്ചിരുന്നതെങ്കില്‍ 2021-2025 സാമ്പത്തി വർഷത്തില്‍ ഇത് 1.27-0.88 ശതമാനം വരെ കുറച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള വിഹിതം 2.18%-1.96% പരിധിയിൽ നിന്ന് 1.61%-1.23% ആയും, സാമൂഹിക ക്ഷേമ പദ്ധതികൾക്കുള്ള വിഹിതം 1.89%-1.61% എന്നതില്‍ നിന്നും 1.17%-0.97% ആയിട്ടുമാണ് കുറഞ്ഞിരിക്കുന്നത്.
യുപിഎ സർക്കാർ അവതരിപ്പിച്ച അഭിമാന പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും എന്‍ ഡി എ സർക്കാർ കാലക്രമേണെ കുറച്ചുകൊണ്ടുവരികയാണ്. 2024-25 ലെ ബജറ്റില്‍ 86000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ചിരുന്നത്. (മൊത്തം ബജറ്റിന്റെ 1.78ശതമാനം). കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ പദ്ധതിക്കായി നീക്കിവെച്ച ഏറ്റവും കുറഞ്ഞ തുകയായിരുന്നു ഇത്.
വാർദ്ധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ഉൾപ്പെടുന്ന ദേശീയ സാമൂഹിക സഹായ പദ്ധതിക്കുള്ള വിഹിതം മുമ്പുണ്ടായിരുന്ന 1.21%-0.36% ല്‍ നിന്ന് കഴിഞ്ഞ നാല് വർഷങ്ങളില്‍ ഏകദേശം 0.2% ആയിട്ടാണ് കുറച്ചത്. നേരത്തെ മൊത്തം ബജറ്റിന്റെ ഒരു ശതമാനമായിരുന്നു പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ (പിഎം-പോഷൺ) പദ്ധതിക്കുള്ള വിഹിതം. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ഇത് കഴിഞ്ഞ ഒമ്പത് വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് (0.26%) എത്തി. അതേസമയം 2024 സാമ്പത്തിക വർഷം പദ്ധതിക്കുള്ള എസ്റ്റിമേറ്റ് പുതുക്കിയിരുന്നു.
അതേസമയം തന്നെ ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന, പ്രധാൻ മന്ത്രി ആവാസ് യോജന-റൂറൽ, പിഎം സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ എന്നീ പദ്ധതികള്‍ക്കായി സർക്കാർ കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികളെല്ലാം 2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം കൊണ്ടുവന്നതാണ് എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications