കേന്ദ്രമന്ത്രി പശുപതി പരാസ് രാജിവെച്ചു; ബീഹാർ എൻഡിഎയിൽ പിളർപ്പ്, ആർഎൽജെപി ഇന്ത്യ മുന്നണിയിലേക്കോ?
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ആർഎൽജെപി നേതാവ് പശുപതി കുമാർ പരാസ്. ബീഹാറിൽ എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് പരസിന്റെ രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാനുമായി ധാരണയിൽ എത്തിയത് ബിജെപി നേതൃത്വം പരാസിനെ കൈയ്യൊഴിയുകയായിരുന്നു. ഇതാണ് രാജി പ്രഖ്യാപനത്തിനുള്ള കാരണം. എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ അമ്മാവൻ കൂടിയാണ് പശുപതി കുമാർ പരാസ്.
"എൻഡിഎ സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഞാൻ പ്രധാനമന്ത്രിയോട് നന്ദിയുള്ളവനാണ്. എന്നാൽ എനിക്കും എന്റെ പാർട്ടിക്കും അനീതി നേരിടേണ്ടി വന്നു. അതിനാൽ ഞാൻ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നു" പരാസ് അറിയിച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് പ്രഖ്യാപനം നടത്തിയെങ്കിലും പരാസിന്റെ ആർഎൽജെപിയെ അവർ പൂർണമായും കൈയൊഴിയുകയായിരുന്നു.

സംസ്ഥാനത്ത് ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുക. എല്‍ജെപിക്ക് (രാംവിലാസ്) അഞ്ച് സീറ്റാണ് അനുവദിച്ചത്. എന്നാൽ ആർഎൽജെപിയെ മുന്നണി പരിഗണിച്ചില്ല. ഇതിന് പുറമെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ സീറ്റ് വീതം അനുവദിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തന്നെ പരാസ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
2021ലാണ് പശുപതി പരാസ് റാം വിലാസ് പാസ്വാന്റെ മകനായ ചിരാഗുമായുള്ള അഭിപ്രായ ഭിന്നതകൾ തുടർന്ന് ആര്‍എല്‍ജെപി രൂപീകരിച്ചത്. പിന്നീട് ഇവർ ബീഹാറിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമാവുകയും ചെയ്‌തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ മത്സരിച്ചെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
പരാസിന്റെ ആർഎൽജെപി സംസ്ഥാനതലത്തിൽ കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ (ആർജെഡി) സഖ്യവുമായോ അല്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ തലത്തിലെ ഇന്ത്യാ സഖ്യത്തിലെ പ്രതിപക്ഷ പാർട്ടികളുമായോ സഹകരിക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ 2019ൽ അന്നത്തെ അവിഭക്ത ലോക് ജനശക്തി പാർട്ടിയുടെ അംഗമായി താൻ വിജയിച്ച ഹാജിപൂർ സീറ്റിൽ ആർഎൽജെപി മത്സരിക്കുമെന്ന് പരാസ് ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പാർട്ടി സ്ഥാപകനും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലായിരുന്നു അന്ന് എൽജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുകയും ചിരാഗ് പാർട്ടിയിലെ ശക്തി കേന്ദ്രമായി മാറുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications