ഗുജറാത്തിൽ അസാധാരണമായ രീതിയിൽ കനത്ത മഴ; മൂന്ന് മരണം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
അഹമ്മദാബാദ്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്‌തു കൊണ്ടിരിക്കുന്ന കനത്ത മഴയിൽ ഗുജറാത്തിലെങ്ങും വ്യാപക നാശനഷ്‌ടങ്ങൾ. മൂന്ന് മരണങ്ങളാണ് ഇതുവരെ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഗുജറാത്തിലും സൗരാഷ്ട്ര മേഖലയിലും അടുത്ത ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശ നഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
മഴയെ തുടർന്ന് നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നൂറുകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സർദാർ സരോവർ അണക്കെട്ടിൽ നിന്ന് നർമ്മദ നദിയിലേക്ക് ഏകദേശം 4 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതോടെ ബറൂച്ച് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 280 പേരെ മാറ്റി പാർപ്പിക്കേണ്ടി വന്നു.

മോർബി ജില്ലയിലെ ഹൽവാദ് താലൂക്കിൽ കവിഞ്ഞൊഴുകുന്ന കോസ്‌വേയിലൂടെ കടന്നുപോകുമ്പോൾ ട്രോളി ട്രാക്‌ടർ ഒഴുക്കിൽപ്പെട്ട് ഏഴ് പേരെ കാണാതായിട്ടുണ്ട്. എൻഡിആർഎഫും എസ്‌ഡിആർഎഫും ചേർന്ന് ഏകദേശം 20 മണിക്കൂറോളം തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
വഡോദര, ആനന്ദ്, ഖേഡ, പഞ്ച്മഹൽസ് ജില്ലകളിൽ തിങ്കളാഴ്‌ച അതിശക്തമായ മഴ പെയ്‌തതോടെ താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പുതുക്കിയ ബുള്ളറ്റിൻ അനുസരിച്ച്, ഓഗസ്‌റ്റ് 29ന് രാവിലെ വരെ സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയും അതിശക്തമായ മഴയും ഉണ്ടാവാനിടയുണ്ടെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗുജറാത്തിലെ 27 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുജറാത്തിലെ കച്ച്, മോർബി, സുരേന്ദ്രനഗർ, ജാംനഗർ, രാജ്‌കോട്ട്, ദ്വാരക, പോർബന്തർ, ഗിർ സോമനാഥ്, ജുനാഗഡ്, പഞ്ച്മഹൽ, ദാഹോദ്, താപി, നവസാരി, വൽസാദ്, അഹമ്മദാബാദ്, ബോട്ടാഡ്, അമ്രേലി, ആനന്ദ്, ഖേദ മഹിസാഗർ, പഞ്ച്മഹൽ, നർമ്മദ, വഡോദര, ഛോട്ടാ ഉദേപൂർ, സൂറത്ത്, ഡാങ് എന്നീ ജില്ലകളിലാണ് മൂന്ന് ദിവസത്തെ റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
ശേഷിക്കുന്ന മൂന്ന് ജില്ലകളിലാവട്ടെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബനസ്‌കന്ത, പടാൻ, മെഹ്സാന, ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ട്. ആഗസ്‌റ്റ് 28 വരെ ഗുജറാത്ത് തീരത്തും അതിനപ്പുറം വടക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40-50 കിലോമീറ്റർ മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications