മാധ്യമ പ്രവർത്തകനോട് അസഭ്യം പറഞ്ഞ് യോഗി; വീഡിയോ പിൻവലിച്ച് വിശദീകരണം
ലഖ്നൗ: മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെയിൽ മോശം പദപ്രയോഗവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വീഡിയോ വ്യാജമാണെന്ന വാദവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. എഡിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് വാർത്ത ഏജൻസി വീഡിയോ പിൻവലിക്കുകയും ചെയ്തു
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
എഎന്‍ഐ വീഡിയോ പിന്‍വലിച്ചെങ്കിലും ഡൗൺലോഡ് ചെയ്ത കോപ്പികള്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുകയാണ്. 'കോവിഡ് വാക്സിനേഷനെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ ബൈറ്റ്' എന്ന തലക്കെട്ടില്‍ രണ്ടാമത് ഷൂട്ട് ചെയ്ത വീഡിയോ എ.എന്‍.ഐ പങ്കുവെച്ചു. അതിനോടൊപ്പം തന്നെ, 'എഡിറ്റർമാരുടെ കുറിപ്പ്: നേരത്തെ നൽകിയ ലൈവ് സൗണ്ട് ബൈറ്റ് പിൻവലിച്ചു' എന്നും കുറിപ്പില്‍ ചേര്‍ത്താണ് യോഗി ആദിത്യനാഥിന്റെ വീഡിയോ എ.എന്‍.ഐ പങ്കുവെച്ചത്.
സംഭവത്തിൽ വിശദീകരണവുമായി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ വാർത്താ ഏജൻസി ക്യാമറപേഴ്‌സനെതിരെ മോശം വാക്ക് ഉപയോഗിച്ചുവെന്നാരോപിച്ച് പ്രചരിക്കുന്ന വൈറൽ വീഡിയോ എഡിറ്റുചെയ്തതാണെന്നും വ്യാജ ഓഡിയോ അവസാന നിമിഷങ്ങൾക്കുള്ളിൽ ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. "മന്യാവറിൽ" നിന്ന് മാധ്യമപ്രവർത്തകർക്ക് മധുരവാക്കുകൾ ദയവായി കേൾക്കൂ. പക്ഷേ ഹെഡ്ഫോണുകൾ ഉപയോഗിക്കുക, കുട്ടികളിൽ നിന്ന് അകന്നുപോവുക. എന്നാണ് അഖിലേഷ് ട്വിറ്ററിൽ കുറിച്ചത്. മോശം വാക്ക് ഉപയോഗിച്ച വീഡിയോ പങ്കുവയ്ക്കാതെ തന്നെയായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.