അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തിന് മുസ്ലിം ഗ്രാമമുഖ്യന്‍; യുപി തിരഞ്ഞെടുപ്പിലെ ശുഭസൂചന
ലഖ്‌നൗ: അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ഗ്രാമങ്ങളിലൊന്നാണ് രാജന്‍പൂര്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇവിടെ ഗ്രാമമുഖ്യനായി തിരഞ്ഞെടുത്തത് ഹാഫിസ് അസീമുദ്ദീന്‍ എന്ന മുസ്ലിം പണ്ഡിതനെയാണ്. നാമമാത്രമായ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഈ ഗ്രാമം ഐക്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ശുഭ സൂചനയാണ് ഈ തിരഞ്ഞെടുപ്പിലൂടെ നല്‍കുന്നത്. അസീമുദ്ദീന്റെ എതിരാളികളായുണ്ടായിരുന്ന ആറ് പേരും ഹിന്ദുക്കളായിരുന്നു. എന്നാല്‍ ഗ്രാമം വിശ്വാസര്‍പ്പിച്ചതും തിരഞ്ഞെടുത്തതും അസീമുദ്ദീനെയാണ്.

ഗ്രാമത്തിലെ ഏക മുസ്ലിം കുടുംബം അസീമുദ്ദീന്റേതാണ്. 27 വോട്ടര്‍മാരാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കളായുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 600ല്‍ 200 വോട്ട് അസീമുദ്ദീന് ലഭിച്ചു. രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ഥിക്ക് അസീമുദ്ദീനെക്കാള്‍ 85 വോട്ട്് കുറവാണ്. ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്ന പുതിയ ലോകത്ത് നിന്ന് വ്യത്യസ്തമായിട്ടാണ് രാജന്‍പൂരിലെ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. തനിക്കുള്ള പെരുന്നള്‍ സമ്മാനമായിട്ടാണ് വിജയത്തെ കാണുന്നതെന്ന് അസീമുദ്ദീന്‍ പ്രതികരിച്ചു.
ഗ്രാമത്തിലെ ജനങ്ങളാണ് തന്റെ ശക്തി. മതസൗഹാര്‍ദ്ദമാണ് തങ്ങളുടെ മുഖമുദ്ര. ഒരു കുടുംബം പോലെയാണ് തങ്ങള്‍ ജീവിക്കുന്നത്. മൂന്ന് ക്ഷേത്രങ്ങളുണ്ട് ഗ്രാമത്തില്‍. ഇവിടെ ഹിന്ദു സഹോദരങ്ങള്‍ തന്റെ ജയത്തിന് വേണ്ടി പ്രാര്‍ഥനയും വ്രതവും അനുഷ്ഠിച്ചിരുന്നു. തന്റെ പിതാവ് ഏറെ കാലം മുമ്പ് ഗ്രാമമുഖ്യനായിരുന്നു. സഹോദരന്‍മാരില്‍ രണ്ടു പേര്‍ വിദേശത്താണ്. ഒരാള്‍ അധ്യാപകനാണ്. വികസനമാണ് തന്റെ അജണ്ട എന്നും ഹാഫിസ് അസീമുദ്ദീന്‍ പറഞ്ഞു. കൊറോണയുടെ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ നീട്ടിവച്ചിരിക്കുകയാണ്.
മദ്രസയില്‍ നിന്ന് ഹാഫിള്, ആലിം ബിരുദം നേടിയ അസീമുദ്ദീന്‍ ഒരു കര്‍ഷകനാണ്. നേരത്തെ മദ്രസയില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഗ്രാമീണര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദു-മുസ്ലിം വിഭാഗീയതയ്ക്ക് ഇടയാക്കിയ തര്‍ക്കം ഉടലെടുത്ത അയോധ്യയില്‍ നിന്ന് തന്നെ മതസൗഹാര്‍ദത്തിന്റെ വാര്‍ത്തകള്‍ വരുന്നത് ശുഭ സൂചനയാണ്.












Click it and Unblock the Notifications