വോട്ടിനായി ബിപിന്‍ റാവത്തിന്റെ മരണം ഉപയോഗിക്കുന്നു; ബിജെപിയ്‌ക്കെതിരെ ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം ഉയര്‍ത്തി ജനങ്ങളുടെ വികാരം മുതലെടുത്താണ് ബി ജെ പി വോട്ട് തേടുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. വരാനിരിക്കുന്ന ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്നലെയായിരുന്നു ഹരീഷ് റാവത്ത് ബി ജെ പിയ്‌ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. ജനറല്‍ റാവത്തിന്റെ പേര് ഉപയോഗിച്ച് ജനങ്ങളുടെ വികാരം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ എന്റെ കുടുംബത്തിലും സൈനികരുണ്ട്. ഉത്തരാഖണ്ഡ് യുദ്ധഭൂമിയാണ്, രാജ്യസ്നേഹത്തിന്റെ നാടാണ്, നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളില്‍ രാജ്യസ്നേഹമുണ്ട്,' ഹരീഷ് റാവത്ത് പറഞ്ഞു.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് മുഖമില്ല. ഉത്തരാഖണ്ഡില്‍ ബി ജെ പിക്ക് മൂന്ന് മുഖ്യമന്ത്രിമാരുണ്ടായിരുന്നു, അഴിമതി, അനധികൃത ഖനനം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു, അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലത്ത് സംസ്ഥാനത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ബി ജെ പിയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. ഇവിടത്തെ റോഡുകളും മറ്റും വികസനത്തിന്റെ പാതയിലെത്തുന്നത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്നും ഹരീഷ് റാവത്ത് അവകാശപ്പെട്ടു.

കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. പറയത്തക്ക ആഭ്യന്തര പ്രശ്‌നങ്ങളൊന്നുമില്ല. ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പാര്‍ട്ടി അത് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയമാകുമ്പോള്‍ പുതിയ തലമുറയെ പാര്‍ട്ടി ചുമതല ഏല്‍പ്പിക്കുമെന്നും തക്കസമയത്ത് താന്‍ ആ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സായുധ സേനയുടെ വലിയ വിഭാഗം പേരും ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്. അതിനാല്‍ സൈനികരുടെ വിഷയങ്ങള്‍ ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പുകളില്‍ വിഷയമാകാറുണ്ട്.

കഴിഞ്ഞ ദിവസം ബി ജെ പിയുടെ പ്രചരണ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ആദ്യത്തെ സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും ഈ അപമാനം സഹിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇന്ത്യ ഒന്നാണ്, ഈ രാജ്യം ഒന്നാണ്. രാഷ്ട്രമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യയെ ഒരു രാഷ്ട്രമായി പരിഗണിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറല്ലെന്നും ദേവഭൂമി ഉത്തരാഖണ്ഡിന്റെ ദൈവത്വം ബി ജെ പി സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഞങ്ങള്‍ ഇവിടെ ഹൈവേകളും വിമാനത്താവളങ്ങളും നിര്‍മ്മിക്കുന്നു. 'പര്‍വ്വത് മാല'യ്ക്ക് കീഴില്‍, ദേശീയ റോപ്പ്വേ വികസന പരിപാടി വഴി വിദൂര പ്രദേശങ്ങളില്‍ റോപ്പ്വേ കണക്റ്റിവിറ്റി നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജയിച്ചാല്‍ സംസ്ഥാനത്ത് ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയായ പുഷ്‌കര്‍ എസ് ധമി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം. ബി ജെ പി അധികാര തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ ബി ജെ പി സര്‍ക്കാരില്‍ മുഖ്യമന്ത്രിമാരെ തുടര്‍ച്ചയായി മാറ്റിയിരുന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയാണ്. അതേസമയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടി ബി ജെ പി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 11 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുള്ളൂ. വര്‍ഷങ്ങളോളം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം.












Click it and Unblock the Notifications