വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പുതിയ മുന്നണിയുണ്ടാക്കാന്‍ ടിവികെ, വെട്ടിലായത് ബിജെപി
ചെന്നൈ: തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നടന്‍ വിജയിയെ പ്രഖ്യാപിച്ചു. മാമല്ലാപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് തീരുമാനം. ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വിജയ്ക്ക് എടുക്കാമെന്നും കൗണ്‍സില്‍ ധാരണയിലെത്തി. വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്‌കരണത്തെ (എസ്‌ഐആര്‍) വിമര്‍ശിച്ച് കൗണ്‍സില്‍ പ്രമേയം പാസാക്കി.
അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്. ഒരുക്കങ്ങള്‍ ടിവികെ തുടങ്ങിക്കഴിഞ്ഞു. ഡിഎംകെയും ടിവികെയും തമ്മിലാണ് പ്രധാന മല്‍സരം എന്ന് വിജയ് പ്രഖ്യാപിച്ചു. ഇതോടെ സഖ്യസാധ്യത തേടിയ അണ്ണാഡിഎംകെയും ബിജെപിയും വെട്ടിലായി. ബിജെപി ആദര്‍ശ ശത്രുവും ഡിഎകെ രാഷ്ട്രീയ ശത്രുവും ആണെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചതാണ്.

വലിയ കൈയ്യടികള്‍ക്കിടെയാണ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിയുടെ പേര് പ്രഖ്യാപിച്ചത്. കരൂര്‍ ദുരന്തമുണ്ടായ ശേഷം നടക്കുന്ന ടിവികെയുടെ ആദ്യ പൊതുപരിപാടിയാണിത്. ദുരന്തബാധിതരെ ഓര്‍ത്ത് രണ്ട് മിനുട്ട് മൗനപ്രാര്‍ഥനയോടെയാണ് ജനറല്‍ കൗണ്‍സില്‍ ആരംഭിച്ചത്. തുടര്‍ന്ന് 12 പ്രമേയങ്ങള്‍ കൗണ്‍സില്‍ പാസാക്കി.
ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കുന്ന അണ്ണാഡിഎംകെയുമായി ടിവികെ സഖ്യം രൂപീകരിക്കാന്‍ സാധ്യതയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനിടെയാണ് പുതിയ സഖ്യം രൂപീകരിക്കുന്നതിനുള്ള ടിവികെയുടെ നീക്കം. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് ടിവികെ സര്‍ക്കാരുണ്ടാക്കുമെന്നും പാര്‍ട്ടിയുടെ മുന്നേറ്റം തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വിജയ് പറഞ്ഞു.
ടിവികെ സഖ്യസാധ്യത ഇങ്ങനെ
തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുന്നില്ലെന്ന് പ്രമേയം കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തമിഴ്‌നാട്ടില്‍ വര്‍ധിച്ചിരിക്കുകയാണെന്നും പ്രമേയം വിമര്‍ശിച്ചു. ടിവികെയുടെ പാര്‍ട്ടി പ്രഖ്യാപന വേളയില്‍ വിജയ് വ്യക്തമാക്കിയ നയങ്ങള്‍ തുടരുമെന്നാണ് ഇന്നും ലഭിക്കുന്ന സൂചന.
കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ് ബിജെപിയുമായി അടുത്തേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ പ്രയാസമാണ് എന്ന് അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി വിജയിയോട് ഉപദേശിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ടിവികെയുമായി സഖ്യം ചേരാനുള്ള താല്‍പ്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് പറയാമെന്നാണ് അന്ന് വിജയ് നല്‍കിയ മറുപടി.
വിജയകാന്തിന്റെ പാര്‍ട്ടിയുമായി ഒരുപക്ഷേ ടിവികെ സഖ്യമുണ്ടാക്കിയേക്കുമെന്നാണ് പ്രചാരണം. ചെറിയ കക്ഷികളുമായി കൂട്ടുചേര്‍ന്നുള്ള നീക്കമാണ് വിജയ് ആലോചിക്കുന്നതത്രെ. അതേസമയം, കോണ്‍ഗ്രസ് ടിവികെയുമായി അടുക്കുമോ എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കരൂര്‍ ദുരന്തത്തിന്റെ പിന്നാലെ രാഹുല്‍ ഗാന്ധി നടന്‍ വിജയിയെ വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications