വിജയ് എങ്ങനെ സര്‍ക്കാര്‍ രൂപീകരിക്കും; മുസ്ലിം ലീഗും കോണ്‍ഗ്രസും കളംമാറുമോ, ചര്‍ച്ച സജീവം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് നയിക്കുന്ന ടിവികെ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. നൂറിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ടിവികെ സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഏറി. എന്നാല്‍ കേവല ഭൂരിപക്ഷം മറികടക്കാന്‍ 118 സീറ്റുകളാണ് വേണ്ടത്. ഇതിലേക്ക് ടിവികെ എത്തിയില്ല. ഈ സാഹചര്യത്തില്‍ പുറത്തുനിന്നുള്ള പിന്തുണ ടിവികെക്ക് ആവശ്യമാണ്.
ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ, അണ്ണാഡിഎംകെ എന്നീ കക്ഷികളെ അപ്രസക്തമാക്കിയാണ് ടിവികെയുടെ ജയം. ഇതുവരെ ഡിഎംകെയും അണ്ണാ ഡിഎംകെയും മാറി ഭരിക്കുന്നതാണ് കഴിഞ്ഞ 50 വര്‍ഷത്തെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ചിത്രം. ഇനി മുതല്‍ വിജയ് മുന്നില്‍ നില്‍ക്കുമെന്നതാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകുന്നത്.

ടിവികെ 108 സീറ്റില്‍ ജയിച്ചത്. പത്ത് അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമാണ്. ഈ ഘട്ടത്തില്‍ ആര് പിന്തുണയ്ക്കുമെന്നതാണ് ചോദ്യം. അണ്ണാഡിഎംകെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെങ്കിലും അവരുടെ പിന്തുണ വിജയ് സ്വീകരിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
ബിജെപി ആദര്‍ശ ശത്രുവാണ് എന്നാണ് വിജയ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപിയുമായി സഖ്യമുള്ളവരാണ് അണ്ണാഡിഎംകെ. മാത്രമല്ല, മുഖ്യമന്ത്രി വിജയ് ആകാന്‍ അണ്ണാഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി സമ്മതിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിജയ് ചെറുകക്ഷികളുടെ പിന്തുണ തേടിയേക്കുമെന്നാണ് വിവരം.
ഈ പാര്‍ട്ടികളുടെ പിന്തുണ സാധ്യത
ഡിഎംകെയെ രാഷ്ട്രീയ ശത്രുവായിട്ടാണ് വിജയ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രചാരണ വേളയില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഡിഎംകെക്കെതിരെ ഉന്നയിച്ചിരുന്നു. അതിനിടെയാണ് ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ഇടതുപാര്‍ട്ടികള്‍, ഡിഎംഡികെ എന്നീ കക്ഷികളുടെ നിലപാട് നിര്‍ണായകമാകുക. കോണ്‍ഗ്രസിന് അഞ്ച് സീറ്റുണ്ട്. മറ്റു കക്ഷികള്‍ക്കെല്ലാം രണ്ടു സീറ്റുകള്‍ വീതവും. ഇവരുടെ പിന്തുണ ലഭിച്ചാല്‍ വിജയ്ക്ക് ഭരിക്കാം. കോണ്‍ഗ്രസ് മാറി ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്.
ഡിഎംഡികെയുമായി അടുപ്പമുണ്ടാക്കാന്‍ വിജയ് എപ്പോഴും ശ്രമിച്ചിരുന്നു. നടന്‍ വിജയകാന്ത് രൂപീകരിച്ച പാര്‍ട്ടിയാണിത്. വിജയകാന്തിന്റെ ചിത്രവും വിജയ് പ്രചാരണ വേളയില്‍ ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചകളിലാണ് ഡിഎംഡികെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നത്.
അന്‍പുമണി രാമദാസിന്റെ പിഎംകെയുടെ പിന്തുണയും വിജയ് പ്രതീക്ഷിക്കുന്നു. ഇവര്‍ അഞ്ച് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ചെറുകക്ഷികളെ കൂടെ ചേര്‍ത്ത് ഭരണം നടത്താനാകും വിജയ് ശ്രമിക്കുക. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം ഭരണത്തിലെത്തിയാല്‍ ഡിഎംകെ മാത്രമാണ് ഭരിക്കുക, അണ്ണാഡിഎംകെ സഖ്യം അധികാരത്തിലെത്തിയാല്‍ അണ്ണാഡിഎംകെ മാത്രമാണ് ഭരിക്കുക. സമാനമായ രീതിയില്‍ ടിവികെ മാത്രമാകുമോ ഭരിക്കുക, അല്ലെങ്കില്‍ ചെറുകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമോ എന്നാണ് ഇനി അറിയേണ്ടത്.














Click it and Unblock the Notifications