ഗോഡ്സെയുടെയല്ല, ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്; ബിജെപിക്ക് വേണുഗോപാലിന്റെ മറുപടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍. ബിജെപി പ്രധാനമന്ത്രിയെ ദൈവത്തേക്കാള്‍ വലുതായി ഉയര്‍ത്തിക്കാട്ടുന്നുവെന്നും ജനങ്ങളെ ധ്രുവീകരിക്കാനും തിരഞ്ഞെടുപ്പില്‍ വിജയിക്കാനും ഹിന്ദുമതത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗോഡ്സെയുടെതല്ല ഗാന്ധിയുടെ ഹിന്ദുമതത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ലോകസഭ തിരഞ്ഞെടുപ്പില്‍ ധാര്‍മ്മിക വിജയം ഇന്ത്യാ മുന്നണിക്കാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ബിജെപി അഴിമതി വൃത്തിയാക്കാനുള്ള വാഷിംഗ് മെഷീന്‍ മാത്രമാണെന്ന് പരിഹസിച്ച വേണുഗോപാല്‍ മോദിക്കും കൂട്ടര്‍ക്കും സര്‍ക്കാരിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടെന്നും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തില്ലായിരുന്നെങ്കില്‍ ബിജെപി 150 സീറ്റില്‍ ഒതുങ്ങിയേനെയെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നടപടികളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വേണുഗോപാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുന്നുവെന്നും ആരോപിച്ചു. മോദി എത്രയൊക്കെ മതപരമായ ധ്രൂവീകരണത്തിന് ശ്രമിച്ചാലും ജനം അതെല്ലാം തള്ളിക്കളയുമെന്നതിന് തെളിവാണ് മോദി വിദ്വേഷ പ്രസംഗം നടത്തിയ ഭാന്‍സ്വാരയില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധി 2,47,504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ സഭയിലെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ നീക്കിയ സ്പീക്കറുടെ നടപടിയും അദ്ദേഹം ചോദ്യം ചെയ്തു. ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രസംഗത്തിലെ ദൂഷ്യവശങ്ങള്‍ സ്പീക്കര്‍ കാണാതെ പോയതെന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരവസ്ഥയും അദ്ദേഹം ലോക്‌സഭയില്‍ ഉന്നയിച്ചു.
ആദിവാസി സമൂഹങ്ങളുടേത് പോലെത്തന്നെ മത്സ്യത്തൊഴിലാളികളും ദുരിതമനുഭവിക്കുന്നു. തീരദേശ നിയമങ്ങള്‍ കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിനും മത്സ്യബന്ധനത്തിനും കഴിയാത്ത സാഹചര്യമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികളെ വീടുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന വിധത്തില്‍ സിആര്‍ഇസഡ് നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന റാലികളില്‍ നരേന്ദ്ര മോദി ഭരണഘടനാ ലംഘനം നടത്തിയെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു. ഗുജറാത്തിലെ ലോക്സഭാ പ്രചാരണ വേളയില്‍ മംഗളസൂത്രത്തെയും അനന്തരാവകാശത്തെയും കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ''ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാന്‍ കഴിയും. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അവര്‍ നിശബ്ദരായി,' അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദി ദൈവത്തേക്കാള്‍ വലുതാണെന്ന് ബിജെപി കരുതുന്നു. പ്രധാനമന്ത്രി ദൈവത്തേക്കാള്‍ വലുതാണെന്ന് സ്ഥാപിക്കുന്നു. അതാണ് ഏറ്റവും വലിയ ഹിന്ദു വിരുദ്ധ പ്രസ്താവന. അതാണ് ഏറ്റവും വലിയ വിശ്വാസി വിരുദ്ധ പ്രസ്താവന. ഹിന്ദുമതം അനുസരിച്ച് ആരും ദൈവത്തേക്കാള്‍ വലുതല്ല എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications